സ്വർണക്കപ്പിൽ മുത്തമിട്ട് കോഴിക്കോട്; കിരീടം തുടർച്ചയായ പന്ത്രണ്ടാം തവണ

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കിരീടം നേടിയ കോഴിക്കോട് സ്വർണക്കപ്പുമായി

തൃശൂർ∙ തുടർച്ചയായ പന്ത്രണ്ടാം തവണയും സ്വർണക്കപ്പ് സ്വന്തമാക്കി കോഴിക്കോട്. അഞ്ചു ദിവസം നീണ്ട സ്കൂൾ കലോൽസവത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിലൂടെയാണ് കോഴിക്കോടിന്റെ നേട്ടം. എല്ലാ മൽസരങ്ങളും അവസാനിച്ചപ്പോൾ 895 പോയിന്റാണ് കോഴിക്കോടു നേടിയത്. രണ്ടു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ പാലക്കാടാണു രണ്ടാം സ്ഥാനത്ത്. 875 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്താണ്. അടുത്ത കലോൽസവത്തിന് ആലപ്പുഴ വേദിയാകും.

അറബിക് കലോൽസവത്തിൽ മലപ്പുറ(95)ത്തിനാണ് ഒന്നാം സ്ഥാനം. കാസർഗോഡ്‌, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകൾ 93 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. സംസ്കൃതോത്സവത്തിൽ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തി. 95 പോയിന്റാണ് അവർ കരസ്ഥമാക്കിയത്. 91 പോയിന്റാടെ കണ്ണൂരും, പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 111 പോയിന്റോടെ ആലത്തൂർ ജിഇഎച്ച്എസ് സ്കൂളുകളിൽ ഒന്നാമതെത്തി.

മത്സരത്തിൽ സമ്മാനം നേടാനും നേടാതിരിക്കാനും സാധ്യതയുണ്ടെന്നും എന്നാൽ പങ്കെടുക്കുന്നതാണു പ്രധാനമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്കൂൾ കലോൽസവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രതിഭകളെ മിക്കവരേയും സംഭാവന ചെയ്തത് കലോൽസവമാണ്. ഇനിയും പ്രതിഭകൾ വളരട്ടെ. കൊലപാതകത്തിന്റെയും ഹർത്താലിന്റെയും പശ്ചാത്തലത്തിൽ, കണ്ണൂരിൽ കഴിഞ്ഞ തവണ ഭീതിജനകമായ അന്തരീക്ഷത്തിലായിരുന്നു സമാപനമെങ്കിൽ തൃശൂരിൽ സന്തോഷത്തോടെയാണ് സമാപനം. അപ്പീലിന്റെ ബാഹുല്യം ചെറുക്കണം. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കണം. അപ്പിൽ പൂർണമായി നിയന്ത്രക്കാൻ കഴിയില്ല. പക്ഷേ തെറ്റായ പ്രവണതകൾ ഒഴിവാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, കലോൽസവം സാംസ്കാരിക ഉൽസവമായി മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. സ്കൂളിന്റെ ഉള്ളിൽ നിന്നാണോ പുറത്തുനിന്നുള്ള ട്രെയിനിങ്ങിലൂടെയാണോ കുട്ടികളുടെ നൈസർഗിക വളർച്ച ഉണ്ടാകുന്നതെന്ന് എയ്സ്ത്തറ്റിക് ഓഡിറ്റിങ് നടത്തും. വ്യാജ അപ്പീൽ ശക്തമായി തടയും. സബ് ജില്ല, ജില്ല അടക്കം എല്ലാ സ്കൂൾ കലോൽസവത്തിലും വിജിലൻസ് നിരീക്ഷണം ഉണ്ടാകും. ഇപ്പോൾ സംസ്ഥാനത്തു മാത്രമാണു നിരീക്ഷണം. കോടതികൾ അപ്പീൽ പരിഗണിക്കുമ്പോൾ സർക്കാരിനെ കുടി പരിഗണിക്കണം എന്ന് കോടതികളോട് അഭ്യർഥിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നീർമാതളം മുതൽ കേരം വരെയുള്ള 24 വേദികളാണ് കലോൽസവത്തോടനുബന്ധിച്ച് തയാറാക്കിയിരുന്നത്. ഇവയിൽ ഇരുപതിലേയും മൽസരങ്ങൾ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷനായിരുന്നു. ഇന്നസന്റ് എംപി, ശ്രീനിവാസൻ, കമൽ, സത്യൻ അന്തിക്കാട്, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെ ആനന്ദപുളകിതമാക്കിയാണ് സ്കൂൾ കലോൽസവത്തിനു തിരശീല വീഴുന്നത്. അഞ്ചു ദിവസങ്ങളിലും നിറഞ്ഞ പങ്കാളിത്തമായിരുന്നു കാണികളുടെ ഭാഗത്തുനിന്നുണ്ടായത്. മൽസരങ്ങൾ പാതിരാ കഴിഞ്ഞപ്പോഴും തികഞ്ഞ പിന്തുണയുമായി തൃശൂർ ഒപ്പം നിന്നു.