‘ഫെഡറലിസം’, ‘വർഗീയ ലഹള’ ഒഴിവാക്കി; കേന്ദ്രവിമർശനം ‘പൂർണമാക്കാതെ’ ഗവർണർ

ഗവർണർ ജസ്റ്റിസ്.പി.സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തുന്നു.

തിരുവനന്തപുരം∙ ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരെയുള്ള ചില ഭാഗങ്ങൾ വായിക്കാതെ വിട്ടു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന പ്രസംഗത്തിലെ ഭാഗങ്ങളിലൊന്ന് ഗവർണർ ഒഴിവാക്കിയെന്നാണ് ആരോപണമുയർന്നത്.

കേന്ദ്രത്തിനെ പ്രത്യക്ഷമായിത്തന്നെ ആക്രമിക്കുന്നതായിരുന്നു നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും. അതോടൊപ്പം സംഘപരിവാർ സംഘടനകളെ പരോക്ഷമായും വിമർശിച്ചു. എന്നാൽ സഹകരണ ഫെഡറലിസം, വർഗീയ ലഹള എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഗവർണർ വിട്ടുകളയുകയായിരുന്നു.

നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങൾ ആവശ്യമെങ്കിൽ ഒഴിവാക്കി വായിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ആദ്യഭാഗവും അവസാനഭാഗവും വായിച്ചു നിര്‍ത്തുന്ന പതിവുമുണ്ട്. നേരത്തേ അങ്ങനെ ചെയ്തിട്ടുമുണ്ട്. പക്ഷേ കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങളിലെ ചില നിർണായക ഭാഗങ്ങൾ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം.

അഞ്ചാം പേജിലെ ഒൻപതാം ഖണ്ഡികയിലുള്ള പരാമർശങ്ങളിൽ ചിലതാണ് ഗവർണര്‍ വിട്ടുകളഞ്ഞത്. അതില്‍ പറയുന്നതിങ്ങനെ:

‘കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് കേരളത്തിന്റെ മതേതര പാരമ്പര്യങ്ങൾക്കെതിരായി അപകീർത്തികരമായ ആക്രമണങ്ങളുണ്ടായി. സാമൂഹ്യമേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾക്കെതിരെ സംശയങ്ങൾ ഉയർത്തുകയും ക്രമസമാധാനനില സംബന്ധിച്ച ദുരാരോപണങ്ങൾ ഉന്നയിക്കുകയുമുണ്ടായി.

എന്നാൽ കേരള ജനത നമ്മുടെ പാരമ്പര്യവും നേട്ടങ്ങളും സംരക്ഷിക്കാനായി ഐക്യത്തോടെ നിലകൊണ്ടു. രാജ്യത്ത് ക്രമസമാധാനപാലനത്തിൽ കേരളം പ്രഥമസ്ഥാനത്ത് നില കൊള്ളുന്നുവെന്നും ജീവിത നിലവാരത്തിൽ ഉന്നതസ്ഥാനത്ത് നിൽക്കുന്നുവെന്നും ഒരിക്കൽ കൂടി തിരിച്ചറിയുകയുണ്ടായി. ചില വർഗീയ സംഘടനകൾ ആസൂത്രണം ചെയ്തിട്ടു പോലും സംസ്ഥാനത്ത് യാതൊരു രീതിയിലുമുള്ള വർഗീയ ലഹളയും ഉണ്ടായിട്ടില്ല.

സഹകരണ ഫെഡറലിസത്തെ അട്ടിമറിച്ച്, സംസ്ഥാന സർക്കാരിനെ മറികടന്നുകൊണ്ട് ജില്ലാ ഭരണാധികാരികളുമായും തദ്ദേശസ്ഥാപനങ്ങളുമായും നേരിട്ട് ഇടപെടാനുള്ള കേന്ദ്രസർക്കാരിന്റെ പ്രവണത സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ജിഎസ്ടി സർക്കാരിന്റെ സാമ്പത്തിക അധികാരങ്ങൾ പരിമിതപ്പെടുത്തി. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയം ഭരണത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നു. 

നോട്ട് അസാധുവാക്കലും അനുചിതമായ രീതിയിലും സമയത്തും ജിഎസ്ടി നടപ്പിലാക്കിയതും സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി മന്ദീഭവിപ്പിച്ചു. തൊഴിലില്ലായ്മ വർധിപ്പിച്ചു. ഈ മാന്ദ്യത്തോടൊപ്പം ഗൾഫ് മേഖലയിലെ പ്രതിസന്ധി കൂടിയായതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച മന്ദീഭവിപ്പിക്കപ്പെട്ടു. ഈ വിഷമഘട്ടങ്ങൾക്കിടയിലാണ് ജനതയ്ക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്നത്’.

പ്രസംഗത്തിലെ ഈ ഭാഗത്തിൽ സഹകര ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിച്ചുവെന്ന പരാമർശമാണ് ഗവർണർ വായിക്കാതെ വിട്ടത്. വർഗീയ ശക്തികൾ ആസൂത്രണം ചെയ്തിട്ടു പോലും  യാതൊരു രീതിയിലുമുള്ള വർഗീയ ലഹളയും സംസ്ഥാനത്ത് ഉണ്ടായില്ല എന്ന ഭാഗവും വിട്ടുകളഞ്ഞു.