നേതാവിന്റെ മകന്റെ സാമ്പത്തിക തട്ടിപ്പ്: വിശദീകരിക്കാനാകാതെ സിപിഎം

തിരുവനന്തപുരം ∙ ജില്ലാസമ്മേളനങ്ങള്‍ പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്കു കടക്കാനൊരുങ്ങുന്ന സിപിഎമ്മിനെ വെട്ടിലാക്കിയാണ് ഉന്നത നേതാവിന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയരുന്നത്. കൃത്യമായ മറുപടി പറയാനാവാതെ കുഴങ്ങുന്ന പാർട്ടി, ആരോപണം പാര്‍ട്ടി നേതാവിന് എതിരെയല്ലെന്നും മകനാണു പ്രതിസ്ഥാനത്തെന്നുമുള്ള അലസ പ്രതികരണമാണു നടത്തുന്നത്. കേന്ദ്രനേതൃത്വത്തിനും സമാന നിലപാടാണുള്ളത്. വിഷയത്തിൽ പാര്‍ട്ടി ഇടപെടില്ലെന്നും ആഭ്യന്തര അന്വേഷണമുണ്ടാവില്ലെന്നും കേന്ദ്രനേതൃത്വം പറയുന്നു.

പാര്‍ട്ടിതലത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയിട്ടില്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ പാര്‍ട്ടിക്കു നേരിട്ടു ബന്ധമില്ലെങ്കിലും സമ്മേളനങ്ങളിലും പൊതുവേദികളിലും നേതാക്കൾ വിശദീകരണം നൽകേണ്ടി വരും.

ദുബായിൽ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസാണു വിവാദമായത്. പ്രതിയെ ദുബായിലെ കോടതിയിൽ ഹാജരാക്കുന്നതിന് ഇന്റർപോളിന്റെ സഹായം തേടാനാണു നീക്കം. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടേതാണു പരാതി. പ്രശ്നപരിഹാരത്തിന് അവർ പാർട്ടിയുടെ ഇടപെടൽ‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ‍ നിർദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു.