തിരുവനന്തപുരം∙ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിനു കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചതായി ശ്രീജിത്ത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സമരം. കേസ് ഏറ്റെടുത്ത സിബിഐ സംഘം ശ്രീജിത്തിന്റെയും അമ്മ രമണി പ്രമീളയുടെയും മൊഴിയെടുത്തു. ഇതിനുപിന്നാലെയാണു സമരം അവസാനിപ്പിച്ചതായി ശ്രീജിത്ത് പ്രഖ്യാപിച്ചത്. ബുധനാഴ്ച രാവിലെയാണു ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴിയെടുത്തത്.
സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ കേരളത്തിന്‍റെയാകെ സജീവശ്രദ്ധ നേടിയ സമരമായിരുന്നു ശ്രീജിത്തിന്റേത്. സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ടു വർഷത്തിലധികമായി സമരം ചെയ്യുന്ന ശ്രീജിത്തിനു സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും കേരള ജനത വലിയ പിന്തുണ നല്‍കി. സമരം ജനകീയ മുന്നേറ്റത്തിന്റെ പാതയിലേക്കു മാറിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ സമൂഹമാധ്യമ കൂട്ടായ്മ സമരം അവസാനിപ്പിച്ചിരുന്നു.
എന്നാൽ, വ്യക്തമായ ഉറപ്പു ലഭിക്കുംവരെ സമരം തുടരാനായിരുന്നു ശ്രീജിത്തിന്റെ തീരുമാനം. സിബിഐ സംഘം മൊഴിയെടുത്ത സാഹചര്യത്തിൽ ശ്രീജിത്ത് സമരം അവസാനിപ്പിക്കുകയായിരുന്നു. 2014 മേയ് 19ന് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണു ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവ് മരിക്കുന്നത്. മർദിച്ചും വിഷം കൊടുത്തും ശ്രീജിവിനെ പൊലീസുകാർ കൊന്നതാണെന്നു പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ വകുപ്പുതല നടപടിക്കൊപ്പം ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിച്ചു കുറ്റപത്രം നൽകണമെന്നും അതോറിറ്റി നിർദേശിച്ചു.
പക്ഷേ കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ആരോപണ വിധേയരായ പൊലീസുകാർ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ നേടിയതോടെ നടപടികൾ എടുക്കാനാകാതെ സർക്കാരും കുഴങ്ങി. ഇതോടെയാണു സെക്രട്ടേറിയറ്റിനു മുന്നിൽ സമരവുമായി ശ്രീജിത്ത് രംഗത്തെത്തുന്നത്. പാറശാല സിഐ അയിരുന്ന ഗോപകുമാർ, എഎസ്ഐ ഫിലിപ്പോസ്, സിപിഒമാരായ പ്രതാപചന്ദ്രൻ, വിജയദാസ്, എസ്ഐ ഡി.ബിജുകുമാർ എന്നിവരാണു ശ്രീജിവിന്റെ മരണത്തിലെ കുറ്റാരോപിതർ.