കൊല്‍ക്കത്ത∙ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്തയെ അവരുടെ മൈതാനത്ത് തകർത്ത് ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിൽ മുന്നേറ്റം തുടരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെംഗളൂരുവിന്റെ വിജയം. ജോര്‍ഡി മൊണ്ഡാൽ മൂന്നാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളിൽ ആദ്യപകുതിയിൽ പിന്നിലായപ്പോയ കൊൽക്കത്തയെ, 83–ാം മിനിറ്റിൽ വെനസ്വേല താരം മിക്കു നേടിയ ഗോളിന്റെ കൂടി സഹായത്തോടെയാണ് ബെംഗളൂരു വീഴ്ത്തിയത്. 69–ാം മിനിറ്റില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡു കണ്ട രാഹുല്‍ ഭെക്കയെ റഫറി പുറത്താക്കിയതിനെ തുടര്‍ന്നു പത്തു പേരുമായി കളിച്ചാണ് ബെംഗളൂരു രണ്ടാം ഗോള്‍ നേടിയത്.
വിജയത്തോടെ 13 മത്സരങ്ങളില്‍ നിന്നും 27 പോയിന്റോടെ ബെംഗളുരു എഫ്‌സി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ എടികെയുടെ നിലയാകട്ടെ ബെംഗളൂരുവിനെതിരായ തോൽവിയോടെ കൂടുതൽ ദയനീയമായി. 12 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കൊൽക്കത്ത.
എഡു ഗാര്‍ഷ്യ ഉയര്‍ത്തിവിട്ട പന്തിൽനിന്നാണ് ബെംഗളൂരുവിന്റെ ആദ്യ ഗോളിന്റെ തുടക്കം. പന്തു സ്വീകരിച്ച ഉദാന്ത സിങ് കൂട്ടുകാരന്‍ മിക്കുവിനെ ലക്ഷ്യമാക്കി അതു മറിച്ചുനൽകി. അപകടമൊഴിവാക്കാനുള്ള ശ്രമത്തിനിടെ എടികെയുടെ പ്രതിരോധനിരക്കാരന്‍ ജോര്‍ഡി മൊണ്ഡേലിന്റെ കാലിൽത്തട്ടി പന്ത് സ്വന്തം പോസ്റ്റിലേക്കു പാഞ്ഞു. അപ്രതീക്ഷിതമായെത്തിയ പന്തു തടയാന്‍ എടികെ ഗോളി ദേബ്ജിത് മജുംദാര്‍ ഡൈവ് ചെയ്‌തു നോക്കിയെങ്കിലും ഒന്നാം പോസ്‌റ്റിന്റെ മൂലയിലേക്കാണ് പന്ത് എത്തിയത്. ബെംഗളൂരുവിന് ലീഡ് (1-0).
രണ്ടാം പകുതിയിലായിരുന്നു രണ്ടാം ഗോളിന്റെ വരവ്. മുൻനിരയിൽ മിക്കുവിനെ അഴിഞ്ഞാടാന്‍ അനുവദിച്ച എടികെ പ്രതിരോധത്തിന്റെ പിഴവിൽനിന്നായിരുന്നു 83-ാം മിനിറ്റിലെ ഗോളിന്റെ പിറവി. മധ്യവരയ്ക്കു സമീപത്തു നിന്നും എറിക് പാര്‍ത്താലു നല്‍കിയ ലോങ് പാസ് സ്വീകരിച്ചു കുതിച്ചു പാഞ്ഞ മിക്കുവിനെ തടയാന്‍ ജോര്‍ഡി മൊണ്ഡാൽ മാത്രം . ജോര്‍ഡിയെ ഓടി തോല്‍പ്പിച്ച മിക്കു എടികെ ഗോള്‍ കീപ്പര്‍ ദേബ്ജിത്തിനെയും നിസഹായനാക്കി പന്ത് വലയില്‍ എത്തിച്ചു സ്കോർ 2-0.