കോഴിക്കോട്∙ മലയാളത്തിൽ വ്യഭിചരിക്കപ്പെട്ട ശാഖയാണു യാത്രാവിവരണമെന്നു സാഹിത്യകാരൻ ടി.പത്മനാഭൻ. ഒരിക്കലും യാത്ര പോകാതെ യാത്രാവിവരണം എഴുതിയ വിരുതന്മാരുണ്ട്. ഇക്കാലത്തു വിവരങ്ങൾ ശേഖരിച്ചു യാത്രാവിവരണം എഴുതൽ വളരെ എളുപ്പമാണ്. ഔദ്യോഗികാവശ്യങ്ങൾക്കു യാത്ര നടത്തി ബാങ്കോക്കിനെക്കുറിച്ചു യാത്രാവിവരണം എഴുതിയവരുണ്ടെന്നും പത്മനാഭൻ പറഞ്ഞു.
‘മകളുടെ പ്രസവശുശ്രൂഷയ്ക്കായി ആഫ്രിക്കയിലേക്കു നടത്തിയ യാത്രയും യാത്രാവിവരണമായി പ്രസിദ്ധീകരിച്ചവരുണ്ട്. ഇത്തരമൊരു പുസ്തകത്തിൽ പത്താമത്തെ അധ്യായത്തിൽ മാത്രമാണു മുംബൈയിൽനിന്നു വിമാനം പുറപ്പെടുന്നതുതന്നെ. ഇതൊക്കെ കണ്ടു മടുത്താണു യാത്രാവിവരണം എഴുതേണ്ടെന്നു തീരുമാനിച്ചത്. ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്, വ്യത്യസ്ത അനുഭവങ്ങളുമുണ്ട്. ഇന്ത്യയേക്കാൾ ഞാൻ കണ്ടത് അമേരിക്കയാണ്. എന്നാലും എഴുതേണ്ടെന്നാണു തീരുമാനം’– പത്മനാഭൻ പറഞ്ഞു.