ന്യൂഡൽഹി∙ കേന്ദ്ര സാഹിത്യ അക്കാദമി ഭരണസമിതിയില്‍ പിടിമുറുക്കാനൊരുങ്ങി സംഘപരിവാര്‍. ‘അസഹിഷ്ണുതാ വിവാദ’ങ്ങള്‍ക്കിടെ അക്കാദമിയിലുണ്ടായ പൊട്ടിത്തെറി കണക്കിലെടുത്താണു നീക്കം. തിങ്കളാഴ്ചയാണ് അക്കാദമി ഭരണസമിതി തിരഞ്ഞെടുപ്പ്. രാഷ്ട്രീയ ഭിന്നതകള്‍മൂലം മലയാളത്തിൽനിന്നുള്ള പ്രതിനിധിക്കായും തിരഞ്ഞെടുപ്പു നടന്നേക്കും.
തിങ്കളാഴ്ച പുതിയ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു വോട്ടെടുപ്പിലൂടെയാണ് അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കുക. 24 ഭാഷകളെയും പ്രതിനിധീകരിച്ചു ഭരണസമിതിയില്‍ അംഗങ്ങളുണ്ടാകും. മൂന്നു ജ്ഞാനപീഠ ജേതാക്കളാണ് അധ്യക്ഷ സ്ഥാനത്തിനായി മല്‍സരരംഗത്തുള്ളത്.
കന്നഡ കവിയും നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖര കമ്പാർ, മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡേ, വിഖ്യാത ഒഡീഷ എഴുത്തുകാരി പ്രതിഭ റോയ് എന്നിവരാണു മല്‍സരിക്കുന്നത്. അധ്യക്ഷസ്ഥാനത്തേക്ക് ഉള്‍പ്പെടെ മല്‍സരിക്കുന്നവരില്‍ ചിലര്‍ സംഘപരിവാര്‍ പിന്തുണയോടെയാണു രംഗത്തുള്ളത്.
പ്രത്യയശാസ്ത്രപരമായി അനുകൂല നിലപാടുള്ളവരെ നാമനിര്‍ദേശത്തിലൂടെ ഭരണസമിതിയിൽ എത്തിക്കാനും സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്. സാഹിത്യ, സാംസ്കാരിക രംഗത്തെ സ്വാധീനക്കുറവു പരിഹരിക്കുകയാണു ലക്ഷ്യം.
പ്രഭാവര്‍മ, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ: അജിത് കുമാര്‍ എന്നിവരാണു ജനറല്‍ കൗണ്‍സിലില്‍ മലയാള ഭാഷയെ പ്രതിനിധീകരിക്കുന്നത്. ഇവർക്കിടയിലും തിരഞ്ഞെടുപ്പിനാണു സാധ്യത. മുതിര്‍ന്ന അംഗത്തെ സമവായത്തിലൂടെ ഭരണസമിതിയിലേക്കു നിർദേശിക്കുകയാണു പതിവെങ്കിലും രാഷ്ട്രീയ ഭിന്നതയുള്ളതിനാൽ ഇത്തവണ മൽസരം നടക്കുമെന്നാണ് അറിയുന്നത്.