Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാശിവരാത്രി ഇന്ന്; പിതൃസ്മരണകളുമായി പതിനായിരങ്ങൾ മണപ്പുറത്തേക്ക്

aluva-shivarathri വർണശോഭയിൽ: ശിവരാത്രിക്ക് ഒരുങ്ങിയ ആലുവ ശിവക്ഷേത്രത്തിന്റെ രാത്രിക്കാഴ്ച. ചിത്രം: മനോരമ

ആലുവ ∙ മഹാശിവരാത്രിക്ക് ഒരുങ്ങി ക്ഷേത്രങ്ങള്‍. പൂർവികരുടെ ഒാർമകൾക്ക് ബലി അർപ്പിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തുന്ന ഭക്തരെ വരവേൽക്കാനുള്ള സജ്ജീകരണങ്ങളെല്ലാം ക്ഷേത്രങ്ങളില്‍ പൂർത്തിയായി. ഇന്നു രാത്രി മുതല്‍ നാളെ ഉച്ചവരെ നീളുന്ന ബലിതര്‍പ്പണ ചടങ്ങുകളും നടക്കും. ആലുവ മണപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തും. ഇതിനായി നൂറ്റന്‍പതോളം ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്.

ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രിവ്രതം, അന്നേദിവസം ചെയ്യേണ്ടത്?

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം, എറണാകുളം എറണാകുളത്തപ്പന്‍ ക്ഷേത്രം, പാലക്കാട് കല്‍പാത്തി വിശ്വനാഥ സ്വാമി ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, തൃശൂര്‍ മമ്മിയൂര്‍ ശിവക്ഷേത്രം, കൊട്ടാരക്കര ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ‌ചടങ്ങുകള്‍ നടക്കും.

ആലുവ മണപ്പുറവും ഒരുങ്ങി

പിതൃസ്മരണകളുമായി ഒഴുകിയെത്തുന്ന പതിനായിരങ്ങൾ മണപ്പുറത്തെ മനുഷ്യക്കടലാക്കി മാറ്റുന്ന മഹാശിവരാത്രി ഇന്ന്. രാമലക്ഷ്മണന്മാർ ജടായുവിന്റെ മരണാനന്തര കർമങ്ങൾ നടത്തിയെന്നു കരുതപ്പെടുന്ന നദീതീരം മൺമറഞ്ഞ പൂർവികർക്കു ബലിയിടാനെത്തുന്ന പിന്മുറക്കാരെക്കൊണ്ടു നിറഞ്ഞുതുടങ്ങി. ക്ഷേത്രത്തിൽ രാവിലെ ഏഴിനു തുടങ്ങിയ ലക്ഷാർച്ചന രാത്രിവരെ നീളും. നൂറുകണക്കിന് അലങ്കാര ദീപങ്ങളുടെ പ്രഭയിൽ മുങ്ങിനിൽക്കുകയാണു മണപ്പുറം. പുഴയോരത്തു നൂറ്റൻപതോളം ബലിത്തറകൾ സജ്ജമാക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും തർപ്പണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.

ഈ വർഷത്തെ ശിവരാത്രി വ്രതം അനുഷ്ഠിച്ചോളൂ, ഇരട്ടിഫലം!

ഹരിത പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇത്തവണ ശിവരാത്രി ആഘോഷം. ഇന്നു വൈകിട്ടു നാലു മുതൽ നാളെ ഉച്ചയ്ക്കു രണ്ടു വരെ ആലുവനഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.