ഈസ്റ്റ് ലണ്ടൻ∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക രണ്ടാം വനിതാ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റിന്റെ ഉജ്വല വിജയം. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. അഞ്ചു പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റു നഷ്ടത്തിൽ ഇന്ത്യ വിജയ റൺസ് കുറിക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ മിതാലി രാജ്, സ്മൃതി മ എന്നിവരുടെ ഓപ്പണിങ് കൂട്ടുകെട്ടിലാണ് ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കിയത്.
61 പന്തുകൾ നേരിട്ട മിതാലി 76 റൺസുമായി പുറത്താകാതെ നിന്നു. സ്മൃതി 42 പന്തിൽ 57 റൺസെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (12 പന്തിൽ ഏഴ്)പുറത്താകാതെ നിന്നു.
33 റൺസ് നേടിയ സുനെ ലൂസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി പൂനം യാദവ്, അനൂജ പാട്ടീൽ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. പൂജ വസ്ത്രാക്കർ, ശിഖ പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. അഞ്ചു മൽസരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്. മൽസരത്തില്‍ 2–0ന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.
പൊച്ചെഫ്സ്ട്രൂമില്‍ നടന്ന ആദ്യ ട്വന്റി20യിൽ ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ചിരുന്നു. അർധ സെഞ്ചുറി നേടിയ മിതാലി രാജിന്റെ പ്രകടന മികവിലായിരുന്നു ട്വന്റി20യിലെ ജയം. മൂന്നു മൽസരങ്ങളുള്ള ഏകദിന പരമ്പര നേരത്തെ ഇന്ത്യൻ വനിതകൾ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ടു മൽസരങ്ങളും ജയിച്ചായിരുന്നു ഇന്ത്യ ഏകദിന പരമ്പര പിടിച്ചെടുത്തത്.