സെഞ്ചൂറിയൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മൽസരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ആറു വിക്കറ്റിനാണു ദക്ഷിണാഫ്രിക്കയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിലുയർത്തിയത് 189 റൺസ് വിജയലക്ഷ്യം. എന്നാൽ 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം കാണുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ജെ.പി.ഡുമിനി പുറത്താകാതെ നേടിയ 64 റൺസാണു ഇന്ത്യയുടെ വിജയപ്രതീക്ഷകൾ തകർത്തത്. 40 ബോളുകളിൽ നിന്നാണ് ഡുമിനി 64 റൺസെടുത്തത്.
ഏറെക്കാലത്തിനുശേഷം വിശ്വരൂപം പുറത്തെടുത്ത മഹേന്ദ്രസിങ് ധോണിയുടെയും യുവതാരം മനീഷ് പാണ്ഡെയുടെയും അർധസെഞ്ചുറി മികവിൽ മികച്ച സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. പാണ്ഡെ 79 റൺസോടെയും ധോണി 52 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും 98 റൺസ് കൂട്ടിച്ചേർത്തു. ഇരുവരുടെയും രണ്ടാം ട്വന്റി20 അർധസെഞ്ചുറിയാണിത്. മനീഷ് പാണ്ഡെയുടെ ട്വന്റി20യിലെ ഉയർന്ന സ്കോറും ഇതുതന്നെ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തിൽത്തന്നെ ഓപ്പണർ രോഹിത് ശർമ പുറത്തായി. ജൂനിയർ ഡാലയുടെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് രോഹിത് പുറത്തായത്. രണ്ടാം വിക്കറ്റിൽ ഒരുമിച്ച ധവാൻ–സുരേഷ് റെയ്ന സഖ്യം ഇന്ത്യൻ ഇന്നിങ്സിന് അടിസ്ഥാനമിട്ടു. ക്രിസ് മോറിസ് എറിഞ്ഞ ആദ്യ ഓവറിൽ റണ്ണൊന്നും നേടാനാകാതെ പതറിനിന്ന ധവാൻ, റെയ്ന കൂട്ടിനെത്തിയതോടെ ആക്രമണകാരിയായി. ജൂനിയർ ഡാല എറിഞ്ഞ നാലാം പന്തിൽ ബൗണ്ടറി കണ്ടെത്തിയ റെയ്ന, സഹതാരത്തിനും ആത്മവിശ്വാസമേകി. മോറിസിന്റെ അടുത്ത ഓവറിൽ രണ്ടു സിക്സും രണ്ടു ബൗണ്ടറിയും സഹിതം ധവാൻ നേടിയത് 20 റൺസ്.
പാറ്റേഴ്സൻ എറിഞ്ഞ അടുത്ത ഓവറിൽ റെയ്നയും മോശമാക്കിയില്ല. മൂന്നു ബൗണ്ടറി സഹിതം ആ ഓവറിൽ പിറന്നത് 12 റൺസ്. ഇതോടെ റണ്ണൊഴുക്കു നിയന്ത്രിക്കാൻ പന്തുമായി ക്യാപ്റ്റൻ ഡുമിനിയെത്തി. രണ്ടാം പന്തിൽ ധവാനെ മിഡ് ഓണിൽ ബെഹാർദീന്റെ കൈകളിലെത്തിച്ച് ഡുമിനി ആതിഥേയർക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 14 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 24 റൺസായിരുന്നു ധവാന്റെ സമ്പാദ്യം.
നാലാമനായെത്തിയ കോഹ്‍ലിയെ ക്ലാസന്റെ കൈകളിലെത്തിച്ച് ജൂനിയർ ഡാല ആഞ്ഞടിച്ചതോടെ ഇന്ത്യ വീണ്ടും പതറി. അഞ്ചു പന്തിൽ ഒരു റണ്ണു മാത്രമായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. ഇതോടെ പ്രതിരോധത്തിലായ ഇന്ത്യ കളി പതുക്കെയാക്കി. ബൗണ്ടറികളുടെയും സിക്സുകളുടെയും പ്രവാഹവും ഇതോടെ നിലച്ചു. 10–ാം ഓവറിൽ ടെബ്രായിസ് ഷംസിയെ രണ്ട് സിക്സും ബൗണ്ടറിക്കും ശിക്ഷിച്ച പാണ്ഡെ ടോപ് ഗിയറിലേക്കു മാറിയെങ്കിലും തൊട്ടടുത്ത ഓവറിൽ റെയ്നയെ മടക്കി ഫെലൂക്‌വായോ തിരിച്ചടിച്ചു. 24 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 31 റൺസെടുത്ത റെയ്നയെ ഫെലൂക്‌വായോ എൽബിയിൽ കുരുക്കി.
ഇതോടെ മൽസരത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിനും അരങ്ങൊരുങ്ങി. മികച്ച ഫോമിലായിരുന്ന പാണ്ഡെ അനായാസം റൺസ് കണ്ടെത്തിയതോടെ ധോണിക്കും ആത്മവിശ്വാസമായി. തകർത്തടിച്ച ഇരുവരും 56 പന്തിൽ കൂട്ടിച്ചേർത്തത് 98 റൺസ്. 48 പന്തിൽ ആറു ബൗണ്ടറിയും മൂന്നു സിക്സും കണ്ടെത്തിയ പാണ്ഡെ 79 റൺസോടെയും 28 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും കണ്ടെത്തിയ ധോണി 52 റൺസോടെയും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയർ ഡാല രണ്ടു വിക്കറ്റ് വീഴ്ത്തി.
ബുംമ്രയ്ക്കു പകരം താക്കൂർ
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ജെ.പി. ഡുമിനി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് വിശ്രമിക്കുന്ന ജസ്പ്രീത് ബുംമ്രയ്ക്കു പകരം ഇന്ത്യൻ നിരയിൽ ശാർദുൽ താക്കൂർ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്ക കഴിഞ്ഞ മൽസരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തി.