തിരുവനന്തപുരം∙ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കാൻ ഡിഎംആര്‍സി ഇല്ലെങ്കില്‍ ഒരു പ്രശ്നവുമില്ലെന്നു മന്ത്രി ജി.സുധാകരന്‍. നയപരമായ കാര്യങ്ങളില്‍ ഇ.ശ്രീധരന്‍ ഇടപെടേണ്ടെന്നു സുധാകരന്‍ പറഞ്ഞു. സല്‍പ്പേരുണ്ടെന്നുവച്ചു സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ട. കൊടുക്കാത്ത കരാര്‍ ചോദിച്ചുവാങ്ങാന്‍ ശ്രീധരന് എന്തധികാരമെന്നും സുധാകരന്‍ ചോദിച്ചു.
അതേസമയം, മെട്രോമാന്‍ ഇ.ശ്രീധരനെ ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കു താല്‍പര്യമുള്ള കമ്പനിയെ കൊണ്ടുവരാനാണു ശ്രമിക്കുന്നതെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ ആരോപിച്ചു. ഇഷ്ടക്കാരായ കമ്പനിക്കു ലൈറ്റ് മെട്രോയുടെ നിര്‍മാണം നല്‍കാനും അഴിമതിക്കു കളമൊരുക്കാനുമുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണം. കേരളത്തിനുശേഷം ലൈറ്റ് മെട്രോയ്ക്ക് അപേക്ഷ നല്‍കിയ ലക്‌നൗവില്‍ ട്രെയിന്‍ ഓടിത്തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞു.
ലൈറ്റ് മെട്രോ പദ്ധതിയിൽനിന്നു ഡിഎംആർസി പിന്മാറിയതു സർക്കാരിന്റെ അനാസ്ഥ മൂലമാണെന്നു ഇ.ശ്രീധരൻ വ്യക്തമാക്കി. പലതവണ കത്തയച്ചിട്ടും പദ്ധതിക്കായി സർക്കാർ ഒരു നടപടിയുമെടുത്തിട്ടില്ല. കരാർ ഒപ്പിടുകയോ പുതുക്കിയ ഡിപിആർ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പിന്മാറുന്നതു നടുക്കത്തോടെയും നിരാശയോടെയുമാണെന്നും ശ്രീധരൻ പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളിൽനിന്നാണു കൺസൾട്ടന്റുമാരായ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) പിന്മാറിയത്.