ലൈറ്റ് മെട്രോ വൈകുമ്പോൾ ചെലവു കൂടും; നിലവിൽ 718 കോടിയുടെ വർധന

തിരുവനന്തപുരം∙ ലൈറ്റ് മെട്രോ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു മാറ്റത്തില്‍ ദുരൂഹത. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി പദവിയും ഫ്ലൈ ഓവറുകളുടെ നിര്‍മാണചുമതലയും ഡിഎംആര്‍സിക്കു നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കിയതിനു ശേഷമാണു സർക്കാരിന്റെ ഒളിച്ചുകളി. പദ്ധതി വൈകുന്നത് നിര്‍മാണച്ചെലവും ഉയർത്തുമെന്നാണു കണക്കുകൂട്ടൽ.

ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നുമാസത്തിനുശേഷം ലൈറ്റ് മെട്രോ സംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ രണ്ടു കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്ന്, കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചശേഷം ഡിഎംആർസിയെ മൊത്തം പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയാക്കും. രണ്ട്, പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ഫ്ളൈ ഓവറുകള്‍ ഡിഎംആര്‍സി വഴി നിര്‍മിക്കും. ഉത്തരവിറങ്ങി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടികളുണ്ടാകാത്തതും കരാര്‍ ഒപ്പിടാത്തതുമാണ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ശീലമുള്ള ഇ.ശ്രീധരനും ഡിഎംആര്‍സിയും പിന്‍മാറാന്‍ കാരണം.

ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ മെട്രോനയത്തില്‍ വരുത്തിയ മാറ്റമാണ് പ്രതിബന്ധമായതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന വിശദീകരണം. കേന്ദ്രവുമായി ചര്‍ച്ച ചെയ്ത് സ്വകാര്യപങ്കാളിത്തമെന്ന വ്യവസ്ഥയില്‍ ഇളവ് നേടാന്‍ ശ്രമിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.

എന്നാല്‍, ഇതിനുവേണ്ടിയുള്ള പരിശ്രമം ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടില്ല. മാത്രമല്ല സ്വകാര്യ മൂലധനത്തോട് എതിര്‍പ്പില്ലെന്നതാണ് സര്‍ക്കാരിന്റെ നയവും. ഇത്തരം മുടന്തന്‍ ന്യായങ്ങളില്‍ത്തട്ടി വൈകുന്തോറും പദ്ധതിയുടെ നിര്‍മാണച്ചെലവും ഉയരും. പ്രാരംഭ ഘട്ടത്തില്‍ 6728 കോടി കണക്കാക്കിയിരുന്ന നിര്‍മാണ ചെലവ് പുതിയ കണക്കുപ്രകാരം 7446 കോടിയായി ഉയര്‍ന്നു കഴിഞ്ഞു. അതായത് 718 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.