ലൈറ്റ് മെട്രോ ഇനി വിശദ പരിശോധനയ്ക്കു ശേഷം മാത്രം: ഭിന്ന നിലപാടുമായി ഐസക്

തോമസ് ഐസക്

ന്യൂഡൽഹി∙ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പിനു പിന്നാലെ, പദ്ധതി പരിശോധിച്ച ശേഷമേ നടപ്പാക്കൂവെന്നു ധനമന്ത്രി തോമസ് ഐസക്. സാങ്കേതികമായി ആര്‍ക്കു ചെയ്യാന്‍ കഴിയുമെന്നതു തര്‍ക്കവിഷയമല്ല. വേണ്ടവിധം പരിശോധിച്ച ശേഷമേ ലൈറ്റ് മെട്രോ നടപ്പാക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോ ഇപ്പോൾ തന്നെ നഷ്ടത്തിലാണ്. ഇങ്ങനെ നഷ്ടത്തിലായ പദ്ധതികളുടെ ഉദാഹരണമാണു ‌വിഴിഞ്ഞം അടക്കമുള്ള പദ്ധതികളെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. പദ്ധതി നഷ്ടത്തിലായിട്ട് അതു സര്‍ക്കാര്‍ നികത്തുന്ന രീതി തുടരാനാകില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

പദ്ധതി സുതാര്യമായി നടപ്പിലാക്കുമെന്നും ഇ.ശ്രീധരനോട് അനാദരവു കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. കേന്ദ്ര അനുമതി ഇല്ലാതെ സംസ്ഥാന സർക്കാരിനു പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 1128 കോടി രൂപയുടെ ധനസഹായം കേന്ദ്രം നൽകേണ്ടതുണ്ട്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കേന്ദ്ര അനുമതിക്കുവേണ്ടി കാത്തു നിൽക്കേണ്ടതില്ലെന്ന ഇ.ശ്രീധരന്റെ വാദത്തോടു യോജിക്കാനാവില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.