തേനി∙ തമിഴ്നാട്– കേരള അതിർത്തിയിൽ കൊരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ രക്ഷാപ്രവർത്തനത്തിനു പോയവരെ കാത്തിരുന്നതു ദാരുണദൃശ്യങ്ങൾ. കുടിക്കാൻ ഒരു തുള്ളി വെള്ളമോ മരുന്നോ സുരക്ഷാസ്ഥാനത്തേക്കു മാറ്റാൻ സൗകര്യമോ ഇല്ലാതെ ദുരിതം അനുഭവിക്കുന്നവരെയാണു കാട്ടിനുള്ളിലെ ഇരുട്ടിൽ രക്ഷാപ്രവർത്തകർ കണ്ടത്.
ഞായറാഴ്ച അർധരാത്രിയോടെ കാട്ടിലേക്കു കടന്ന രക്ഷാപ്രവർത്തകരാണു ജീവച്ഛവം പോലെ കാട്ടിൽ അകപ്പെട്ടവരെ കണ്ടെത്തിയത്. ഇവർക്കു കാര്യമായ സഹായമൊന്നും നൽകാനാകാത്തതിന്റെ നിസ്സഹായതയും പലരും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. വനത്തിലെ കാഴ്ചകൾ പകർത്തിയ വിഡിയോ ദൃശ്യങ്ങളിലാണു ഞെട്ടിക്കുന്ന കാഴ്ചകളുള്ളത്.
വസ്ത്രങ്ങൾ പോലും പൂര്‍ണമായും കത്തിപ്പോയ അവസ്ഥയിലായിരുന്നു ചിലർ. ശബ്ദിക്കാൻ പോലുമാകാതെ ഇരുന്നവർക്ക് ആകെ നൽകാനായതു കുപ്പിവെള്ളം മാത്രം. ഇതുപോലും അൽപം കഴിഞ്ഞപ്പോൾ തീർന്നുപോയി. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരുടെ കയ്യിലുണ്ടായിരുന്ന വെള്ളമാണു പലർക്കും നൽകിയത്. അൽപം വെള്ളം മാത്രം നൽകിയപ്പോൾ ‘അണ്ണാ, കുറച്ചു കൂടി വെള്ളം തരാമോ...?’ എന്നു കേഴുന്ന ദൃശ്യങ്ങളും മനഃസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്.
പലരും ബന്ധുക്കളുടെ ഫോൺനമ്പരും മറ്റും രക്ഷാപ്രവർത്തകർക്കു പറഞ്ഞു കൊടുത്തു. സഹായവുമായി ഹെലികോപ്റ്റർ വരുന്നുണ്ടെന്നു രക്ഷാപ്രവർത്തകർ പറയുന്നതും വിഡിയോയിൽ കേൾക്കാം. അതുവരെ കാത്തിരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടു കേഴുന്ന കാഴ്ചയായിരുന്നു ചുറ്റിലും. പാറകൾക്കടിയിലും മറ്റും അഭയം തേടിയവർക്കും ഗുരുതര പൊള്ളലേറ്റു.
മേഖലയിലെ പുൽമേടു മുഴുവൻ തീപിടിച്ചു നശിച്ച അവസ്ഥയിലായിരുന്നു. കൊടുംകാട്ടിനു നടുവിൽ ഒരു പുതപ്പിന്റെ മാത്രം അഭയത്തിലായിരുന്നു പൊള്ളലേറ്റവർ കഴിഞ്ഞത്. വിഡിയോ ദൃശ്യങ്ങളിൽ ഉൾപ്പെട്ടവരിൽ ചിലർക്ക് 80 ശതമാനം വരെ പൊള്ളലേറ്റിരുന്നു. ഇവരിൽ ചിലർ പിന്നീടു മരണപ്പെട്ടു. ബാക്കിയുള്ളവർ ചികിത്സയിലാണ്. അതേസമയം അതീവദാരുണ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.