ഗോവയെ വീഴ്ത്തി ചെന്നൈയിൻ ഐഎസ്എൽ ഫൈനലിൽ; എതിരാളികൾ ബെംഗളൂരു

ചെന്നൈയിനായി ഇരട്ടഗോള്‍ നേടിയ ജെജെ. (ചിത്രം: ഐഎസ്എൽ)

ചെന്നൈ∙ ഐഎസ്എൽ നാലാം സീസണിലെ കലാശപ്പോരിൽ ബെംഗളൂരു എഫ്സിയെ നേരിടാൻ ചെന്നൈയിൻ എഫ്സി എത്തുന്നു. ഇന്നു നടന്ന രണ്ടാം പാദ സെമിയിൽ കരുത്തരായ എഫ്സി ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെന്നൈയിന്റെ മുന്നേറ്റം. ആദ്യപകുതിയിൽ ചെന്നൈയിൻ രണ്ടു ഗോളുകൾക്കു മുന്നിലായിരുന്നു. ജെജെ ലാൽപെഖൂലയുടെ ഇരട്ടഗോളുകളാണ് മൽസരത്തിലെ ഹൈലൈറ്റ്. 26, 90 മിനിറ്റുകളിലാണ് ജെജെ വല ചലിപ്പിച്ചത്. ഗോവയുടെ മൂന്നാം ഗോൾ ധനപാൽ ഗണേഷ് (29) നേടി.

ഗോവയുടെ തട്ടകത്തിൽ നടന്ന ആദ്യപാദം 1–1ന് സമനിലയിൽ അവസാനിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4–1ന്റെ ലീഡുമായാണ് ചെന്നൈയിന്റെ മുന്നേറ്റം. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത് രണ്ടാം തവണയാണ് ചെന്നൈയിൻ എഫ്‌സി ഫൈനലിൽ പ്രവേശിക്കുന്നത്. 2015ൽ നടന്ന ഫൈനലിൽ എഫ്‌സി ഗോവയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ചെന്നൈയിൻ കിരീടം നേടിയിരുന്നു. ഇത്തവണ മാർച്ച് 17ന് ബെംഗളൂരുവിന്റെ തട്ടകത്തിലാണ് ഫൈനൽ. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ കരുത്തരായ പുണെ സിറ്റി എഫ്സിയെ തോൽപ്പിച്ചാണ് ബെംഗളൂരു കലാശപ്പോരിന് യോഗ്യത നേടിയത്.

ഗോവയിൽ ഗോളടിച്ചതിന്റെ മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും മൂന്നു ഗോളുകൾ കൂടി ഗോവയുടെ വലയിൽ അടിച്ചുകയറ്റിയാണ് ചെന്നൈയിൻ ഫൈനലിന് ടിക്കറ്റ് എടുത്തത്. വിജയമല്ലാതെ മറ്റൊന്നും തങ്ങളെ ഫൈനലിലെത്തിക്കില്ല എന്നറിയാവുന്ന ഗോവ നിരന്തരം ആക്രമിച്ചെങ്കിലും വലയ്ക്ക് മുന്നിൽ ഉറച്ചുനിന്ന ചെന്നൈയിൻ ഗോളി കരൺജിത് സിങ് അവരുടെ എല്ലാ ശ്രമങ്ങളുടെയും കൂമ്പടച്ചു കളഞ്ഞു. ഒന്നാം പകുതിയിൽ തന്നെ രണ്ടു ഗോളിന്റെ ലീഡ് നേടിയ ചെന്നൈയിൻ, കളിയവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ഒരു ഗോൾ കൂടി നേടി ഗോവയെ കെട്ടുകെട്ടിച്ചു.

മൽസരത്തിന്റെ ആദ്യ 20 മിനിറ്റോളം ഗോവയായിരുന്നു മൈതാനം നിറഞ്ഞു കളിച്ചത്. ഗോവയുടെ സ്പാനിഷ് താരങ്ങളായ കോറോയും ലാൻസറോട്ടെയും ചെന്നൈയിൻ പ്രതിരോധത്തെ തുടർച്ചയായി സമ്മർദ്ദത്തിലാക്കി. തുടക്കത്തിൽ ഒരു സെൽഫ് ഗോളിൽ നിന്നും രക്ഷപെട്ട ചെന്നൈയിൻ പിന്നീട് പല അവസരത്തിലും ഗോളി കരൺജിത് സിങ്ങിന്റെ കൃത്യമായ ഇടപെടലുകളിലാണ് രക്ഷപെട്ടത്. 11–ാം മിനിറ്റിൽ ഹ്യൂഗോ ബൂമസ് നൽകിയ ത്രൂ പാസിൽ മന്ദർറാവു ദേശായ് എടുത്ത ഷോട്ട് കരൺജിത് സിങ്ങിന്റെ കാലിനടിയിലൂടെ വലയിലേക്ക് നീങ്ങിയെങ്കിലും തൊട്ടുപിന്നിലുണ്ടായിരുന്ന ചെന്നൈയിൻ ക്യാപ്റ്റൻ ഹെന്റിക് സെറിനോ പന്ത് അടിച്ചകറ്റി.

ഗോവ പിന്നേയും ആക്രമിച്ചുകൊണ്ടിരുന്നു. ചെന്നൈയിൻ പ്രതിരോധമാകട്ടെ, അതെല്ലാം കൃത്യമായി തടഞ്ഞു. 14–ാം മിനിറ്റിൽ ബോക്‌സിനു പുറത്തുനിന്നും ലാൻസറോട്ടെ എടുത്ത ഫ്രീകിക്കും കരൺജിത് സിങ് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റിൽ ലാൻസറോട്ടെയുടെ കോർണർ കിക്കും രക്ഷപ്പെടുത്തിയത് കരൺജിത് തന്നെ. അടുത്ത നിമിഷം ഗോവയും അവസരം തുറന്നെടുത്തു. കോർണർ കിക്കിൽ നിന്നും ലാൻസറോട്ടെ പന്ത് കോറോയ്ക്ക് നൽകി. അദ്ദേഹത്തിന്റെ ലോബിൽ സനെയുടെ ഹെഡർ ബാറിനു മുകളിലൂടെ പറന്നു. 20 മിനിറ്റിനുള്ളിൽ ഗോവ നേടിയെടുത്തത് ഏഴ് കോർണർ കിക്കുകളാണ്. അത് മാത്രം മതി കളിയുടെ ഗതിയളക്കാൻ.

എന്നാൽ പിന്നീടങ്ങോട്ട് ചെന്നൈയിന്റെ വിളയാട്ടമായിരുന്നു. ഗോവയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ആദ്യ ഗോൾ അവരുടെ വലയിൽ കയറുന്നത്. ആക്രമണമാണ് ശരിയായ പ്രതിരോധം എന്നു മനസ്സിലാക്കിയായിരുന്നു ചെന്നൈയിന്റെ തിരിച്ചുവരവ്. 26–ാം മിനിറ്റിൽ അവർ ഗോൾ നേടുകയും ചെയ്തു. ഇടതു വിങ്ങിലൂടെ കുതിച്ചുകയറിയ ഗ്രിഗറി നെൽസൻ നൽകിയ ക്രോസിൽ ജെജെ കൃത്യമായി തലവെച്ചു. പന്തു വലയിൽ കയറുമ്പോൾ ചെന്നൈ മറീന അരീനയിൽ ഗാലറി പൊട്ടിത്തെറിച്ചു.

മൂന്നു മിനിറ്റിനകം വീണ്ടും ഗോവയുടെ വല കുലുങ്ങി. ഇക്കുറിയും ഗ്രഗറി നെൽസൻ തന്നെയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. അദ്ദേഹത്തിന്റെ ഫ്രീകിക്ക് ബോക്‌സിലേക്കു പറന്നിറങ്ങുമ്പോൾ ധനപാൽ ഗണേഷ് തലകൊണ്ട് ചെത്തി വലയിലിട്ടു. രണ്ടു ഗോളടിച്ചതോടെ കളി പൂർണ്ണമായും ചെന്നൈയുടെ വരുതിയിലായി. തുടർന്നങ്ങോട്ട് കളി ചെന്നൈയിന്റെ മുന്നേറ്റനിരയും ഗോവയുടെ പ്രതിരോധവും തമ്മിലായിരുന്നു.

ചെന്നൈയിൻ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. 32–ാം മിനിറ്റിൽ ചെന്നൈയിൻ താരം റാഫേൽ അഗസ്റ്റോയുടെ ഒരു കനത്ത ഷോട്ട് ഗോവ ഗോളി നവീൻ കുമാർ തട്ടി പുറത്താക്കി. ഒന്നാം പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് മന്ദർറാവു ദേശായിയുടെ നല്ലൊരു ഷോട്ട് ചെന്നൈയിൻ ഗോളി കരൺജിത് സിങ് രക്ഷപ്പെടുത്തുന്നതും കണ്ടു.

രണ്ട് ഗോളിനു മുന്നിട്ടു നിന്ന ചെന്നൈയിൻ രണ്ടാം പകുതിയിൽ പ്രതിരോധം ശക്തിമാക്കിയാണ് കളിച്ചത്. ഗോവയുടെ എല്ലാ നീക്കങ്ങളും ചെന്നൈയിന്റെ കോട്ടയിൽ തട്ടി തകർന്നുകൊണ്ടിരുന്നു. അപകടകരമായ പല ഷോട്ടുകളും ഗോളി കരൺജിത് സിങ് കോർണർ‌ വഴങ്ങിയും രക്ഷപ്പെടുത്തി. കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് ജെജെ ഗോവയുടെ ശവപ്പെട്ടിയിൽ അവസാന ആണി കൂടി അടിച്ചത്.