ചെന്നൈയെ വീഴ്ത്തി എടികെയും ആരോസിനെ തോൽപ്പിച്ച് മുംബൈ സിറ്റിയും സൂപ്പർകപ്പിന്

എടികെ താരം റോബീ കീൻ

ഭുവനേശ്വർ∙ ഐ ലീഗ് ടീമായ ചെന്നൈ സിറ്റി എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്കു തോല്‍പ്പിച്ച് എടികെ സൂപ്പർ കപ്പിനു യോഗ്യത നേടി. ഹിതേഷ് ശര്‍മ (37), സെക്വീഞ്ഞ (57), അശുതോഷ് മേത്ത (77), റോബീ കീന്‍ (83) എന്നിവരുടെ ഗോളുകളിലാണ് കൊൽക്കത്തയുടെ ജയം. ചെന്നൈ സിറ്റിയ്ക്കു വേണ്ടി ജീൻ മൈക്കേൽ (50) ആശ്വാസ ഗോള്‍ കണ്ടെത്തി. ഏപ്രിൽ മൂന്നിന് എഫ്സി ഗോവയ്ക്കെതിരെയാണ് എടികെയുടെ സൂപ്പർകപ്പ് പോരാട്ടം.

അതേസമയം, ഇന്നു നടന്ന ആദ്യ മൽസരത്തിൽ ഇന്ത്യൻ ആരോസിനെ തോൽപ്പിച്ച് മുംബൈ സിറ്റി എഫ്സിയും സൂപ്പർ കപ്പിനു യോഗ്യത നേടി. ഒരു ഗോൾ ലീഡ് വഴങ്ങിയ ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് മുംബൈയുടെ സൂപ്പർകപ്പ് പ്രവേശം. 77–ാം മിനിറ്റിൽ മലയാളി താരം കെ.പി. രാഹുലിന്റെ ഗോളിലൂടെയാണ് ആരോസ് മുന്നിലെത്തിയത്. 91–ാം മിനിറ്റിൽ അചില്ലെ എമാനെ പെനൽറ്റിയിലൂടെയും 104–ാം മിനിറ്റിൽ എവർട്ടൻ സാന്റോസും മുംബൈയ്ക്കായി വല കുലുക്കി. സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളാണ് മുംബൈ സിറ്റിയുടെ എതിരാളികൾ.