കൊളംബോ∙ തുടർച്ചയായ രണ്ടാം മൽസരത്തിലും ആതിഥേയരായ ശ്രീലങ്കയെ തകർത്ത് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ. ഇന്ത്യയുടെ ഫൈനൽ പ്രവേശത്തോടെ ‘സെമി പോരാട്ട’മായി മാറിയ മൽസരത്തിൽ രണ്ടു വിക്കറ്റിനാണ് ബംഗ്ലദേശിന്റെ ജയം. ആദ്യം ബാറ്റുചെയ്ത് ശ്രീലങ്ക ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനിൽക്കെ എട്ടു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലദേശ് മറികടന്നു. ഞായറാഴ്ചയാണ് ഇന്ത്യ–ബംഗ്ലദേശ് ഫൈനൽ പോരാട്ടം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക കുശാൽ പെരേര (40 പന്തിൽ 61), തിസാര പെരേര (37 പന്തിൽ 58) എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ഇരുവരും മികച്ച പ്രകടനവുമായി കളം നിറഞ്ഞെങ്കിലും മറ്റു താരങ്ങൾ പരാജയപ്പെട്ടതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. ബംഗ്ലദേശ് ബോളർമാരുടെ മികച്ച പ്രകടനം കൂടിയായതോടെ ആതിഥേയർ 20 ഓവറിൽ 159 റൺസിൽ ഒതുങ്ങി.
160 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് ഓപ്പണർ തമിം ഇക്ബാൽ (42 പന്തിൽ 50), മഹ്മൂദുല്ല (18 പന്തിൽ പുറത്താകാതെ 43) എന്നിവരുടെ പ്രകടനം തുണയായി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടമാക്കിയെങ്കിലും മഹ്മൂദുല്ലയുടെ ഒറ്റയാൾ പോരാട്ടം അവർക്കു വിജയം സമ്മാനിച്ചു.