കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് എം.സുകുമാരൻ അന്തരിച്ചു

എം.സുകുമാരൻ

തൃശൂർ∙ കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ എഴുത്തുകാരൻ എം. സുകുമാരൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ‘ശേഷക്രിയ’, ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’, ‘ജനിതകം’, ‘ചുവന്ന ചിഹ്നങ്ങൾ’, ‘എം. സുകുമാരന്റെ കഥകൾ’ തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ. ‘സംഘഗാനം’, ‘ഉണർത്തുപാട്ട്’ എന്നീ കഥകൾ ചലച്ചിത്രമായി.

1943 ൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് സുകുമാരൻ ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഷുഗർ ഫാക്ടറിയിലും ആറുമാസത്തോളം ഒരു സ്വകാര്യ വിദ്യാലയത്തിൽ അധ്യാപകനായും ജോലി ചെയ്തു. 1963 മുതൽ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ ക്ലർക്കായിരുന്നു. 1974 ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നും പുറത്താക്കപ്പെട്ടു.

‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’ക്ക് 1976 ലും ‘ജനിതക’ത്തിന് 1997 ലും സമഗ്രസംഭാവനയ്ക്ക് 2004 ലും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. ‘പിതൃതർപ്പണ’ത്തിന് 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം ലഭിച്ചു. 2006 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ‘ചുവന്ന ചിഹ്നങ്ങൾ’ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു. 

സാഹിത്യരംഗത്തിന് കനത്ത നഷ്ടം: മുഖ്യമന്ത്രി

കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക രംഗങ്ങൾക്ക് കനത്ത നഷ്ടമാണ് എം സുകുമാരന്റെ വിയോഗമെന്ന് അനുശോചന സന്ദേശത്തില്‍  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  സാമ്പ്രദായിക രീതികളിൽ നിന്ന് വ്യത്യസ്തമായ ഇതിവൃത്ത സ്വീകരണം കൊണ്ടും ആഖ്യാനരീതികൊണ്ടും പുതിയ ഒരു ഭാവുകത്വം ആധുനികതയുടെ കാലത്തുതന്നെ സൃഷ്ടിക്കാൻ എം. സുകുമാരന് സാധിച്ചിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. 

പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇണങ്ങിയും പിണങ്ങിയും നിന്ന സാഹിത്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെങ്കിലും പൊതുവായ മാനവികമൂല്യങ്ങൾ, സാമൂഹികപുരോഗതി തുടങ്ങിയവയുടെ കാര്യത്തിലുള്ള പ്രതിബദ്ധത അദ്ദേഹം എല്ലാ ഘട്ടത്തിലും ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ ശേഷക്രിയ പോലുള്ള കൃതികൾ വ്യത്യസ്തങ്ങളായ വീക്ഷണകോണുകളിലൂടെ വായിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊതുവിൽ പുരോഗമന പക്ഷം ശക്തിപ്പെട്ട്  മുന്നോട്ടുപോകേണ്ടത് നാടിന്റെയും സമൂഹത്തിന്റെയും ആവശ്യമാണെന്ന കാര്യത്തിൽ എം. സുകുമാരന് രണ്ടുപക്ഷം ഇല്ലായിരുന്നു. – മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

സാംസ്കാരിക കേരളത്തിനു തീരാനഷ്ടം: മന്ത്രി എ.കെ.ബാലൻ

തികച്ചും വ്യത്യസ്തമായ രീതിയിൽ കഥകളെഴുതിയ പുരോഗമന സാഹിത്യകാരനായിരുന്നു എം.സുകുമാരനെന്ന് സാംസ്കാരിക മന്ത്രി എ. കെ. ബാലൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണ്. കുറച്ച് കഥകൾ കൊണ്ട് സാഹിത്യ ലോകത്ത് വലിയ അംഗീകാരം നേടിയ അദ്ദേഹം  കമ്യൂണിസ്റ്റ് സിദ്ധാന്തത്തെപ്പോലും കഥയിലാവിഷ്കരിക്കുകയുണ്ടായി. വിപ്ലവ പ്രസ്ഥാനത്തെ വിമർശിച്ചു കൊണ്ടെഴുതിയ കൃതികളാണ് പ്രശസ്തമായതെങ്കിലും പ്രസ്ഥാനത്തിന്റെ വളർച്ചക്കുതകുന്ന ആദ്യ കാല കഥകളിലാണ് ഈ കഥാകൃത്തിന്റെ സൃഷ്ടി വൈഭവം പ്രകടമാകുന്നത്. അക്കൗണ്ടൻറ് ജനറലാപ്പീസിലെ സമരഭടനായിരുന്ന കാലത്തും ജോലി നഷ്ടപ്പെട്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ട കാലത്തും അനുഭവത്തിന്റെ തീച്ചൂളയിൽ നിന്ന് കടഞ്ഞെടുത്ത ഓരോ കഥയും ലോകോത്തരമായി മാറി. മലയാള സാഹിത്യത്തിൽ എം.സുകുമാരന് തുല്യനായി എം.സുകുമാരൻ മാത്രമേയുള്ളൂ. അതു കൊണ്ടാണ് അദ്ദേഹത്തെ  കേന്ദ്ര സാഹിത്യ അക്കാദമിയും കേരള സാഹിത്യ അക്കാദമിയും പുരസ്കാരം നൽകി ആദരിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മലയാളസാഹിത്യ ലോകത്തോടൊപ്പം ഞാനും അഗാധമായി ദു:ഖം രേഖപ്പെടുത്തുന്നു. - അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.