പാലക്കാട്∙ നാലുദിവസമായി ലഭിക്കുന്ന മഴ രണ്ടുമൂന്നുദിവസം കൂടി തുടരും. കിഴക്കൻ ഭാഗങ്ങളിൽ ഇടിയോടുകൂടി കനത്ത മഴയുണ്ടാകുമെന്നാണു കൊച്ചിൻ സർവകലാശാല റഡാർ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഭൂമിയിൽനിന്നു മൂന്നുകിലോമീറ്റർ മുകളിൽ മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ് പടിഞ്ഞാറുനിന്നു കിഴക്കോട്ടുള്ള ഗതിയിലാണ്.
മലബാർ ഭാഗത്താണ് മഴ ഇപ്പോൾ അധികം ലഭിക്കുന്നതെന്നു റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു. അറബിക്കടലിൽനിന്നു കൂടുതൽ കാറ്റിനുള്ള സൂചനകളും ഇന്നലെ രാത്രിയോടെ ലഭിച്ചു. അങ്ങനെയെങ്കിൽ കൂടുതൽ ദിവസം ഒറ്റ മഴയ്ക്കുള്ള സാധ്യതയുണ്ട്. സാധാരണ വ്യാപകമായി ലഭിക്കേണ്ട വേനൽ മഴ ഇപ്പോൾ പ്രാദേശികമായാണു പെയ്യുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റു നീങ്ങിയാൽ മഴ ശരാശരി എല്ലായിടത്തും ലഭിക്കുമെന്നാണു കണക്കു കൂട്ടൽ.
കാറ്റിന്റെ വേഗം കുറഞ്ഞതോടെ മഴ കൂടുതലും പ്രാദേശികമായി. കാലവർഷം ഏറ്റവും കൂടുതൽ ലഭിച്ചിരുന്നതു വടക്കൻ പ്രദേശത്തായിരുന്നു. പത്തുവർഷത്തെ കണക്കെടുത്താൽ അത് ആനുപാതികമായി കുറഞ്ഞുവരികയാണ്. തെക്കൻ പ്രദേശത്തു മൺസൂൺ കുറഞ്ഞാലും തെക്കു – പടിഞ്ഞാറൻ കാറ്റുവഴിയുളള മഴയിൽ അതു പരിഹരിക്കപ്പെടും. വടക്കുഭാഗത്തു മഴയുടെ വിതരണത്തിലെ വ്യതിയാനത്തിന്റെ കാരണം കണ്ടെത്താൻ ആവശ്യമായ ഡേറ്റകളും ലഭ്യമല്ല. ചൂടു കൂടുതൽ അനുഭവപ്പെട്ട പാലക്കാട് ജില്ലയിൽ നാലുദിവസത്തിനിടെ ശരാശരി 62 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മലമ്പുഴ, പട്ടാമ്പി, മുണ്ടൂർ സ്റ്റേഷനുകളിൽനിന്നുളള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.