ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിനം കൊച്ചിയിൽ; മൽസരം നവംബർ ഒന്നിന്

കൊച്ചി∙ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നടത്തും. കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചർച്ചയിലാണു തീരുമാനം. നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിലാണു മൽസരം നടക്കുക. ഐഎസ്എല്ലും തടസമില്ലാതെ നടത്തുന്നതു സംബന്ധിച്ചു കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റുമായുള്ള ചർച്ച 21ന് നടക്കും. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവും മൽസരത്തിനായി പരിഗണിച്ചിരുന്നു.

ക്രിക്കറ്റിനായി പിച്ച് ഒരുക്കൽ വെല്ലുവിളി

ജിസിഡിഎ സമ്മതം അറിയിച്ചതോടെ കലൂർ സ്റ്റേഡിയം ക്രിക്കറ്റിനായി ഒരുക്കുകയെന്നത് കെസിഎയുടെ മുന്നിലുള്ള മുഖ്യ വെല്ലുവിളിയായി മാറി. അണ്ടർ 17 ലോകകപ്പിനായി സ്റ്റേഡിയം ഒരുക്കിയപ്പോൾ ക്രിക്കറ്റ് പിച്ചും ഇളക്കി മാറ്റിയിരുന്നു. ഇനി ക്രിക്കറ്റിനായി അഞ്ച് പുതിയ വിക്കറ്റുകളെങ്കിലും നിർമിക്കണം. പുതിയ വിക്കറ്റ് നിർമിക്കാൻ രണ്ടാഴ്ചത്തെ സമയം മതിയെന്നും മേയിൽ വിക്കറ്റിട്ടാൽ മഴക്കാലത്ത് ഉറച്ച് ഓഗസ്റ്റോടെ മികച്ച പിച്ച് രൂപപ്പെടുത്താനാവുമെന്നുമാണ് കെസിഎ ക്യുറേറ്റർമാരുടെ നിലപാട്. പരിശീലന വിക്കറ്റുകൾ സ്റ്റേഡിയത്തിൽ നിലനിർത്തിയിട്ടുണ്ട്.