തിരുവനന്തപുരം∙ വേദിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കു വിട. കേരളപ്പിറവി ദിനത്തിൽ ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം തിരുവനന്തപുരത്തു നടക്കും. കായികമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കൊടുവിലാണു കെസിഎ തീരുമാനം. മന്ത്രിയുടെ അഭ്യർഥന മാനിച്ചാണു തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു. ശനിയാഴ്ച ചേരുന്ന കെസിഎ ജനറൽ ബോഡി യോഗത്തിലാവും അന്തിമ തീരുമാനം എടുക്കുക.
അതേസമയം, ക്രിക്കറ്റ് തിരുവനന്തപുരത്തു നടത്തണമെന്ന് അഭിപ്രായപ്പെട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു വിക്കറ്റ് തയാറാക്കാന്‍ അറിയില്ലെന്നു കെസിഎ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു. കൊച്ചിയില്‍ ഫുട്ബോള്‍ മതിയെന്ന സച്ചിന്റെ നിലപാട് ബ്ലാസ്റ്റേസ് ഉടമയായതുകൊണ്ടാണ്. ഫുട്ബോള്‍ ടര്‍ഫ് തകര്‍ക്കുമെന്ന വാദം ക്രിക്കറ്റ് പിച്ച് ഇല്ലാതാക്കിയ സംഭവത്തിലും ബാധകമാണെന്നും സെക്രട്ടറി വ്യക്തമാക്കി.
ക്രിക്കറ്റ് മൽസരം കൊച്ചിയിലോ തിരുവനന്തപുരത്തോയെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനിശ്ചിതത്വമുണ്ടായിരുന്നു. കലൂർ രാജ്യാന്തര സ്റ്റേഡിയം ഉടമകളായ ജിസിഡിഎ വിളിച്ച ക്രിക്കറ്റ് - ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുടെ യോഗം ഫുട്ബോളിനു തടസ്സമാവാതെ ക്രിക്കറ്റും കൊച്ചിയിൽ നടത്തണമെന്ന അനുരഞ്ജന നിലപാടിലാണു പിരിഞ്ഞത്.
ബിസിസിഐ ആദ്യം പ്രഖ്യാപിച്ച വേദി തിരുവനന്തപുരമാണ്. കൊച്ചിയിൽ മൽസരം നടത്താനായിരുന്നു കെസിഎ ശ്രമം. വിവാദങ്ങളൊഴിവാക്കി തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടത്തണമെന്നു ബിസിസിഐ ഇടക്കാല ഭരണസമിതി നിലപാടെടുത്തു. കൊച്ചിയിലെ ഫുട്ബോൾ കളിക്കളം പിച്ച് നിർമാണത്തിനു കുത്തിക്കുഴിക്കാതെ തിരുവനന്തപുരത്തു മൽസരം നടത്തണമെന്നു സച്ചിൻ തെൻഡുൽക്കറും ശശി തരൂർ എംപിയും ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായിയോട് അഭ്യർഥിച്ചിരുന്നു.
കെസിഎ ഭാരവാഹികളും വിനോദ് റായിയെ ബന്ധപ്പെട്ടു. കൊച്ചിയിലെ സ്റ്റേഡിയത്തിൽ കെസിഎ നടത്തിയ നിക്ഷേപം സംബന്ധിച്ചും ദീർഘകാല പാട്ടത്തിനായി ജിസിഡിഎയുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ വിവരങ്ങളുമെല്ലാം വിശദമാക്കി കെസിഎ വിനോദ് റായിക്ക് ഇ-മെയിൽ അയച്ചു. കെസിഎ സെക്രട്ടറി ജയേഷ് ജോർജുമായി ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാബ് ചൗധരി ബന്ധപ്പെട്ടു വിവാദത്തിന്റെ പശ്ചാത്തലം ചോദിച്ചറിഞ്ഞു.
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഫിഫ മാനദണ്ഡം അനുസരിച്ചു നിർമിച്ച ഫുട്ബോൾ കളിപ്രതലത്തിനു തകരാറില്ലാതെ ക്രിക്കറ്റ് പിച്ച് നിർമാണം സാധ്യമാവുമോ എന്നകാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായവും സംസ്ഥാന സർക്കാരിന്റെ നിലപാടും തേടാനായിരുന്നു ജിസിഡിഎയുടെ തീരുമാനം. മത്സരം കൊച്ചിയില്‍ നടത്തുന്നതിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്. മാധവനാണ് ആദ്യം രംഗത്തെത്തിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ. വിനീതും ഇയാൻ ഹ്യൂമും കൊച്ചി വേദിയാക്കുന്നതിനെ എതിർത്തു. ഫുട്ബോള്‍ നടക്കുന്ന സമയത്തു തന്നെ കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കണമെന്ന വാശി തെറ്റാണെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തു പറഞ്ഞിരുന്നു.