വീണ്ടും ഒരു ജലദിനം; ‘ഡേ സീറോ’ സൂചനകൾ വിളിച്ചുപറയുന്നത്...

കിനിവിന്റെ കനിവു തേടി - ഭൂമിയുടെ ആഴങ്ങളിലേക്കു മനുഷ്യൻ‌ ഇറങ്ങിച്ചെല്ലുന്നത് വെള്ളത്തിന്റെ കനിവു തേടിയാണ്. എത്ര താഴ്ന്നാലും ഇനി ആ കിനിവ് കാണണമെന്നില്ല. അത്രയും വൈകിയിരിക്കുന്നു നമ്മൾ. ദാഹജലം കരുതിയ പാത്രങ്ങളും വറ്റിയിരിക്കുന്നു. ഭൂമിയിൽ ജലം തേടിയുള്ള ഈ അന്വേഷണങ്ങളുടെ തിരക്കിനിടെ ഇന്ന് ഒരു ജലദിനം കൂടി. പത്തനംതിട്ട കോഴഞ്ചേരിക്കടുത്ത് കീഴുകരയിൽ നിന്നുള്ള കാഴ്ച. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

ലോക ജലദിനാചരണത്തിനു കാൽനൂറ്റാണ്ട്. റിയോ ഡി ജനോറയിൽ 1992 ൽ ചേർന്ന യുഎൻ പരിസ്ഥിതി സമ്മേളനത്തിലാണ് ഈ ആശയം ആദ്യം പൊന്തിവരുന്നത്. പിറ്റേവർഷം മുതൽ മാർച്ച് 22 ജലദിനമായി യുഎൻ ആചരിച്ചുതുടങ്ങി. കേരള ഭൂജല വകുപ്പിന് ഈ വർഷം 40 വയസ് തികയുമെന്ന പ്രത്യേകതയുമുണ്ട്. 

Read More: രാവിലെ ഉണർന്ന ഉടൻ വെള്ളം കുടിച്ചാൽ?

Read More: വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള 10 ആരോഗ്യഗുണങ്ങൾ

ആഫ്രിക്കയിലെ കേപ് ടൗൺ  ഓഗസ്റ്റ് പകുതിയോടെ ജലരഹിത ദിനത്തിൽ (ഡേ സീറോ) എത്തിച്ചേരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ലോകജലദിനത്തിൽ നെ‍ഞ്ചിടിപ്പോടെയാണ് ലോകം തൊട്ടിയും കയറുമെടുക്കുന്നതെന്ന് പറയാം. ഈ വർഷം വൻവരൾച്ചയ്ക്കു സാധ്യതയില്ലെന്നതാണ് കേരളത്തിന്റെ ആശ്വാസം. എങ്കിലും താഴെപ്പറയുന്ന ചില കണക്കുകൾ നമ്മെ ആശങ്കപ്പെടുത്തുന്നു. 

സംസ്‌ഥാനത്തെ കിണറുകളിൽ കഴിഞ്ഞ 10 വർഷത്തിനിടെ  ശരാശരി ജലലഭ്യതയിൽ വൻകുറവെന്നാണ് കേരള ഭൂജലവകുപ്പിന്റെ പഠനം. ഈ വർഷം നിരപ്പ് ഉയർന്നുവെന്നാണു കേന്ദ്ര ഭൂജലവകുപ്പിന്റെ റിപ്പോർട്ടെങ്കിലും ദശാബ്‌ദ ശരാശരിയെടുത്താൽ  സംസ്‌ഥാനത്തിന് ആശ്വസിക്കാൻ വകയില്ല. സംസ്‌ഥാനത്തെ 45 ശതമാനം കിണറുകളിലും 51 ശതമാനം ആഴക്കുഴൽകിണറുകളിലും (ബോർവെൽ) തീരദേശത്തെ 21 ശതമാനം ട്യൂബ് കിണറുകളിലും 2008 നും 2017 നുമിടയിൽ ജലനിരപ്പ് താണു.

ഭാവിയിൽ സംസ്‌ഥാനത്ത് ഏറ്റവുമധികം വരൾച്ചാ ബാധിതമാകാൻ പോകുന്ന ജില്ല വയനാടായിരിക്കുമെന്നു ഭൂജലവകുപ്പിലെ ഗവേഷകർ വിലയിരുത്തുന്നു. കാസർകോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലും സ്‌ഥിതി രൂക്ഷമാണ്. മഴയുടെ കുറവാണ് ഈ ജില്ലകളെ മരുഭൂവൽക്കരണത്തിലേക്കു നയിക്കുന്നത്. തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിൽ 15 സ്‌കൂളുകളിലെ കിണറുകളിൽ മഴവെള്ളം അരിച്ചിറക്കുന്ന റീചാർജ് ഏർപ്പെടുത്തിയതിന്റെ ഫലമായി 12 കിണറുകളിലും 25–30 ശതമാനം വേനൽക്കാല ജലനിരപ്പിലും ജലലഭ്യതയിലും വർധനയുണ്ടെന്നാണ് സംസ്‌ഥാന ഭൂജലവകുപ്പിന്റെ കണക്കുകൾ.

ഇടുക്കി ജില്ലയിലെ കരുണാപുരം, നെടുങ്കണ്ടം, അയ്യപ്പൻകോവിൽ എന്നിവിടങ്ങളിൽ വറ്റിപ്പോയ മൂന്നു കുഴൽകിണറുകൾ മഴവെള്ള സംഭരണത്തിലൂടെ സംസ്‌ഥാന ഭൂജല വകുപ്പ് വീണ്ടെടുത്തു. സംസ്‌ഥാനത്ത് ഒരു ഹെക്‌ടർ പ്രദേശത്ത് വർഷം മഴയിലൂടെ ലഭിക്കുന്നത് ഏകദേശം മൂന്നുകോടി ലീറ്റർ മഴവെള്ളമാണ്. ഇതിന്റെ 70 ശതമാനം വിവിധ മാർഗങ്ങളിലൂടെ മണ്ണിലേക്ക് ഇറക്കാൻ പറ്റിയാൽ നമ്മുടെ ഭൂജലനിരപ്പിൽ പ്രതിവർഷം രണ്ടുമീറ്ററിനു മേൽ വർധനയുണ്ടാകും.

പ്രതിവർഷം നമ്മുടെ സംസ്‌ഥാനത്തു നിന്നു കടലിലേക്ക് ഒഴുകി നഷ്‌ടപ്പെടുന്ന മഴവെള്ളം 48,000 കോടി ക്യൂബിക് മീറ്റർ (ഘനമീറ്റർ) ജലമാണ്. അതായത് ആകെ മഴയുടെ 70 ശതമാനത്തോളം. ഈ ജലത്തിന്റെ പത്തിലൊന്നെങ്കിലും സംഭരിക്കാനായാൽ വേനൽക്കാലത്തെ ജലക്ഷാമം പൂർണമായും ഒഴിവാക്കാം.

ലോകത്തിൽ തന്നെ ഏറ്റവുമധികം കിണറുകളുള്ള സ്‌ഥലമാണു കേരളം. 1000 ചതുരശ്ര അടി മേൽക്കൂരയിൽ നിന്നു പ്രതിവർഷം മൂന്നു ലക്ഷം ലീറ്റർ ജലം നമ്മുടെ കിണറുകളിലൂടെ ഭൂജലത്തിലെത്തിക്കാം. ശരാശരി ഭൂവിസ്‌തീർണം 20 സെന്റും മേൽക്കൂര വിസ്‌തീർണം 800 ചതുരശ്ര അടിയുമെന്ന് കണക്കാക്കിയാൽ മേൽക്കൂരയിൽ നിന്നുള്ള ഭൂജല പോഷണം കൊണ്ടുമാത്രം പ്രതിവർഷം നമ്മുടെ ഭൂജലനിരപ്പിൽ ഒരടിയോളം വർധനയുണ്ടാകും.

സംസ്‌ഥാനത്ത് കിണർ റീചാർജിങിന്റെ ഫലമായി ഏകദേശം അര മീറ്ററോളം ഭൂഗർഭ ജലനിരപ്പ് ഉയർന്നതായാണ് ചടയമംഗലത്തെ സംസ്‌ഥാന വാട്ടർഷെഡ് ഡവലപ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഗവേഷരുടെ നിഗമനം. 

ഭാരതപ്പുഴ, പെരിയാർ, പമ്പ, ചാലിയാർ എന്നിങ്ങനെ സംസ്‌ഥാനത്തെ പ്രധാന നദികളിലെ വേനൽക്കാല നീരൊഴുക്ക് കഴിഞ്ഞ 10 വർഷത്തിനിടയിൽ കാര്യമായി കുറഞ്ഞു  എന്ന് കോഴിക്കോട് ജലവിഭവ കേന്ദ്രത്തിന്റെ പഠനത്തിൽ പറയുന്നു. മഴയുടെ ലഭ്യതയിലും 20 ശതമാനത്തോളം കുറവുണ്ട്.

അടുത്ത 15 വർഷത്തിനുള്ളിൽ മരിക്കുന്ന  നദികൾ സംസ്‌ഥാനത്തുണ്ട് എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.  അടുത്ത 30 വർഷത്തിനുള്ളിൽ ഇല്ലാതാകുന്ന നദികളുമുണ്ട്. അടുത്ത 100 വർഷത്തിനുള്ളിൽ വലിയ നദികൾ പോലും വറ്റുകയോ ജലനിരപ്പ് കുറയുകയോ ചെയ്യുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഇനിയൊരു യുദ്ധമുണ്ടാകുന്നതു ജലത്തിനു വേണ്ടിയായിരുക്കുമെന്നതു പ്രവചനം മാത്രമാണ്. ഭയപ്പെടേണ്ട. മഴവെള്ള സംഭരണം, മണ്ണുസംരക്ഷണം, വനസംരക്ഷണം, പാടങ്ങളും നെൽവയലുകളും സംരക്ഷിക്കൽ എന്നിവയിലൂടെ നമുക്കു ജലക്ഷാമത്തെ നേരിടാം. കടൽജലം ശുദ്ധീകരിക്കുന്നതുപോലെയുള്ള സാങ്കേതിക വിദ്യകളും ഒപ്പം വികസിപ്പിക്കണം.

വെള്ളത്തിനായി പ്രകൃതി (നേച്ചർ ഫോർ വാട്ടർ) എന്ന  ഈ വർഷത്തെ യുഎൻ ലോകജലദിന ചിന്താവിഷയത്തിന്റെ ചുവടു പിടിച്ച് പുതിയ ദേശീയ വനനയത്തിലും ജലസംരക്ഷണത്തിന് ഊന്നൽ നൽകാൻ ഒരുങ്ങുകയാണ്. വനവും ജലവും തമ്മിലുള്ള ജൈവബന്ധം അംഗീകരിക്കുന്ന  പുതിയ വനനയത്തിന്റെ കരടു രേഖ കഴിഞ്ഞ ദിവസമാണ് ജനാഭിപ്രായത്തിനായി കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്. നദികളുടെയും തടാകങ്ങളുടെയും വൃഷ്‌ടിപ്രദേശമായ വനമേഖലകളെ യാതൊരുവിധ ഇടപെടലും ഉണ്ടാകാതെ സംരക്ഷിക്കുമെന്നാണു പുതിയ നയം പറയുന്നത്. വൃഷ്‌ടിപ്രദേശ ജലപരിപോഷണത്തിനു ശാസ്ത്രീയ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കും. വന വിഭവങ്ങളിൽ ജലത്തിനു സുപ്രധാന സ്‌ഥാനമുണ്ടെന്ന തിരിച്ചറിവിൽ കേന്ദ്രസർക്കാർ എത്തിയിരിക്കയാണ്.

ജൈവസമ്പന്നമായ വനത്തിലെ മണ്ണിൽ മഴവെള്ളം നന്നായി താഴും. ഈ മഴയെ ഒഴുകി നഷ്‌ടപ്പെടാൻ അനവദിക്കാതെ മണ്ണിൽ താഴ്‌ത്തണം. ഈ ജലമാണു പിന്നീട് വേനലിൽ ഉറവയായി പുറത്തേക്കു വരുന്നത്. അരുവികളും വെള്ളചാട്ടങ്ങളും ഉറവകളും ഭൂഗർഭജലവുമെല്ലാം ഈ വനത്തിനെ ആശ്രയിച്ചിരിക്കുന്നുവെന്നും കരടു രേഖ പറയുന്നു.  പ്രകൃതിദത്ത തടാകങ്ങളായും നീർത്തടങ്ങളായും പ്രവർത്തിക്കുന്ന ചതുപ്പു പ്രദേശങ്ങളുള്ള വനമേഖലയിൽ യാതൊരു വിധ പദ്ധതികളും അനുവദിക്കില്ല. മുളയും അനുയോജ്യമായ സസ്യങ്ങളും മരങ്ങളും വച്ചുപിടിപിച്ച് വനമേഖലയിലെ ജലസമൃദ്ധി ഉറപ്പാക്കാനും പുതിയ വനനയം ലക്ഷ്യമിടുന്നു. ഏപ്രിൽ 14 വരെ പുതിയ വനനയം സംബന്ധിച്ചു ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.