20 മാസത്തിനുള്ളിൽ 15 തവണയായി പരോൾ; കുഞ്ഞനന്തൻ 193 ദിവസവും വീട്ടിൽ

പി.കെ.കുഞ്ഞനന്തൻ

തിരുവനന്തപുരം∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തനു പിണറായി സർക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി പരോൾ അനുവദിച്ചത് 193 ദിവസം. സർക്കാർ വന്ന 2016 മേയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും പരോൾ ലഭിച്ചിട്ടുണ്ടെന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി വ്യക്തമാക്കുന്നു. 

കണ്ണൂരിലെ പാനൂർ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയിൽവാസക്കാലത്തു നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും ഏരിയ കമ്മിറ്റിയിൽ നിലനിർത്തി. ഇത്തവണ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു പരോളിലെത്തി ഏരിയ സമ്മേളനത്തിൽ പങ്കെടുത്തു. 

2017ൽ 98 ദിവസവും പുറത്ത്

2016 മേയിൽ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ഇടതു സർക്കാർ ജൂണിലും ഓഗസ്റ്റിലും മൂന്നു തവണയായി കുഞ്ഞനന്തനു 38 ദിവസമാണു പരോൾ നൽകിയത്. 2016ൽ മാത്രം പരോൾ ലഭിച്ചത് 79 ദിവസം. 2017ൽ ഇതു 98 ദിവസമായി. ഏഴുതവണ സാധാരണ അവധിയും എട്ടുതവണ അടിയന്തര അവധിയുമാണ് അനുവദിച്ചത്. ഭാര്യയുടെ ചികിൽസ, കുടുംബത്തോടൊപ്പം കഴിയാൻ എന്നീ രണ്ടു കാരണങ്ങൾ മാറിമാറി ചൂണ്ടിക്കാട്ടിയാണു 193 ദിവസത്തെ പരോൾ നൽകിയത്.