നടൻ കൊല്ലം അജിത് അന്തരിച്ചു; സംസ്കാരം ഇന്നു വൈകിട്ട് ആറിന്

കൊല്ലം അജിത്

കൊച്ചി∙ ചലച്ചിത്ര നടൻ കൊല്ലം അജിത്(56) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടർ‌ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടുപോയി. വീട്ടിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം വൈകിട്ട് ആറിന് കൊല്ലം കടപ്പാക്കട ശ്മശാനത്തിൽ. 

തൊണ്ണൂറുകളിൽ‌ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അജിത് അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ  സാന്നിധ്യം അറിയിച്ചു. രണ്ടു സിനിമകൾ സംവിധാനം ചെയ്ത് സംവിധായകന്റെ റോളിലും കഴിവ് പ്രകടിപ്പിച്ചു. 

ദൂ​ര​ദ​ര്‍​ശ​നി​ലെ ആ​ദ്യ​കാ​ല പ​ര​മ്പ​ര​ക​ളി​ലൊ​ന്നാ​യ ‘കൈ​ര​ളി വി​ലാ​സം ലോ​ഡ്ജ്’ ഉൾപ്പെടെ നി​ര​വ​ധി ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യിച്ചു. പാ​വ​ക്കൂ​ത്ത്, വ​ജ്രം, ദേവീമാഹാത്മ്യം, ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ, സ്വാ​മി അ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ സീ​രി​യലുകൾ ഇതിൽ ചിലതാണ്. പ്രമീളയാണ് ഭാര്യ. മക്കൾ: ഗായത്രി, ശ്രീഹരി.

Read In English

സ്‌ക്രീനിലെ ‘തല്ലുകൊള്ളി’ സംവിധായകനായി

റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതിയുടെയും മകനായാണ് അജിത് ജനിച്ചത്. പിതാവ് പത്മനാഭൻ കൊല്ലത്താണ് പ്രവർത്തിച്ചത്. കൊല്ലത്ത് ജനിച്ചു വളർന്ന അജിത്തിന്റെ പേരിനൊപ്പം കൊല്ലവും വന്നു ചേർന്നു. കൊല്ലത്ത് കാമ്പിശ്ശേരി കരുണാകരന്റെ ചുമതലയിലുളള ക്ലബിലൂടെ കലാജീവിതത്തിലെത്തി.

അടുത്തറിയുന്നവർക്കേ മമ്മൂക്കയുടെ മനസ്സിന്റെ വില അറിയൂ; കൊല്ലം അജിത് അന്നു പറഞ്ഞത്...

പത്മരാജൻ സിനിമകളോടുള്ള പ്രേമം മൂത്ത് പി.പത്മരാജന്റെയടുത്തു സംവിധാനം പഠിക്കാൻ അജിത് ചെല്ലുകയായിരുന്നു – 1980ൽ. സഹസംവിധായകരായി പത്തു പേർ ഒപ്പമുണ്ടെന്ന ധർമസങ്കടം പറഞ്ഞ പത്മരാജൻ പക്ഷേ, മറ്റൊരു സാധ്യതയിലേക്ക് അജിത്തിന്റെ പാത തെളിച്ചു. ഈ രൂപംവച്ച് അഭിനയത്തിലാകും കൂടുതൽ തിളങ്ങാനാവുക എന്നായിരുന്നു പത്മരാജന്റെ ഉപദേശം. താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു വേഷം തരാമെന്ന വാഗ്‌ദാനവും നൽകിയാണ് അജിത്തിനെ പത്മരാജൻ മടക്കിയത്.

മൂന്നു വർഷത്തിനു ശേഷം പത്മരാജൻ കൃത്യമായി വാക്കു പാലിച്ചു. ‘പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയിലെ വില്ലൻ സ്വഭാവമുള്ളൊരു വേഷം. പത്മരാജൻ വെള്ളിത്തിരയിലേക്കു കൈപിടിച്ചു കയറ്റിയ ഈ വില്ലനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൊല്ലം അജിത് മലയാള സിനിമയിലെ പ്രഖ്യാപിത വില്ലൻമാരിൽ ഒരാളായി. ‘ഒളിംപ്യൻ അന്തോണി ആദം’, ‘പ്രജാപതി’, ‘ആറാം തമ്പുരാൻ’, ‘വല്ല്യേട്ടൻ’, ‘ബാലേട്ടൻ’, ‘പൂവിന് പുതിയ പൂന്തെന്നൽ’, ‘നാടോടിക്കാറ്റ്’, ‘അപരൻ’, ‘മനു അങ്കിൾ’, ‘നമ്പർ 20 മദ്രാസ് മെയിൽ’, ‘ലാൽ സലാം’, ‘നിർണയം’ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ റോളുകൾ ശ്രദ്ധേയമായി.

അഭിനയിച്ച അഞ്ഞൂറോളം സിനിമകളിൽ ഏറെയും ‘തല്ലുകൊള്ളി’ വേഷം തന്നെ. നായകന്റെ അടികൊണ്ടും വെടിയേറ്റും കുത്തേറ്റും സിനിമാ ജീവിതം മുന്നോട്ടു നയിക്കുമ്പോഴും സംവിധായകനാവുക എന്ന സ്വപ്‌നം അജിത്ത് ഉപേക്ഷിച്ചില്ല. സിനിമാ പ്രവേശനത്തിന്റെ മുപ്പതാം വർഷം ആ സ്വപ്‌നം സാക്ഷാൽക്കരിച്ചു. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും കൊല്ലം അജിത് എന്ന ടൈറ്റിൽ കാർഡുമായെത്തിയ ‘കോളിങ് ബെൽ’ എന്ന സിനിമയിലൂടെ. ‘പകൽ പോലെ’യാണ് അജിത് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം.

മലയാളത്തിനു പുറമേ പ്രിയദർശന്റെ ഹിന്ദി ചിത്രമായ ‘വിരാസത്തി’ലും മൂന്നു തമിഴ് സിനിമകളിലും അഭിനയിച്ചു. 1987 ൽ ഇറങ്ങിയ ‘അഗ്നിപ്രവേശം’ എന്ന ചിത്രത്തിൽ നായകനായി. 2012 ൽ പുറത്തിറങ്ങിയ ‘ഇവൻ അർധനാരി’യിലാണ് ഒടുവിൽ അഭിനയിച്ചത്.