ഉറങ്ങാറില്ല ഇവിടെ അമ്മമാർ; നിങ്ങളറിയുന്നുണ്ടോ ഞങ്ങൾ എങ്ങനെ കഴിയുന്നുവെന്ന്?

മകൾ നഫീസത്ത് റാഫിലയ്ക്കൊപ്പം അമ്മ സമീറ. ചിത്രം – രാഹുൽ പട്ടം

“അവളെയും കൈയിൽപിടിച്ചു രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് ആറു വരെ ആ ബാങ്കിൽ നിന്നു. ഒടുവിൽ കലക്ടർ സാറിന്റെ അടുത്ത് പോയിട്ടാണ് കടലാസ് ശരിയാക്കി കിട്ടിയത്’’ 

എതിർത്തോട് ബദർനഗറിലെ സമീറയുടെ ഈ വാക്കുകൾ എൻഡോസൾഫാൻ മണ്ണിൽ പല അമ്മമാരിൽ നിന്നു കേട്ടിരിക്കാം. എന്നാൽ ഈ യുവതിയുടെ കയ്യിലേക്ക് ഒന്നു നോക്കണം. പൊള്ളിപ്പോകും. ഒരു കുഞ്ഞുശരീരം തൂങ്ങിക്കിടപ്പുണ്ടാവും, എപ്പോഴും. മടങ്ങാൻ മടിക്കുന്ന മുട്ടുകളും വളഞ്ഞുതൂങ്ങി മെലിഞ്ഞുണങ്ങിയ ശരീരവുമായി ഒരു പെൺകുട്ടി. 13 വയസ്സുകാരി നഫീസത്ത് റാഫില. എൻഡോസൾഫാൻ കീഴടക്കിയില്ലായിരുന്നെങ്കിൽ ഉറപ്പ്, ഒരു സുന്ദരിക്കുട്ടിയാവുമായിരുന്ന സമീറയുടെ പൊന്നുമോൾ. 

മകൾ നഫീസത്ത് റാഫിലയ്ക്കൊപ്പം അമ്മ സമീറ. ചിത്രം – രാഹുൽ പട്ടം

ആ കാഴ്ച മാത്രമല്ല സമീറയുടെ ജീവിതം തന്നെ പൊള്ളലേറ്റതു പോലെയാണ്. കാരണം മകൾ ദുരിതക്കട്ടിലിൽ ചുരുണ്ടുകിടക്കുമ്പോൾ, ഭാര്യയെ പെരുവഴിയിലാക്കി എങ്ങോ മറഞ്ഞുപോയ ഖാദറിന്റെ ഭാര്യയാണ് അവൾ. അജ്മേറിൽ തീർഥാടനത്തിനു പോയി വരാമെന്നു പറഞ്ഞു വീടുവിട്ടിറങ്ങിയ അയാൾ ഇവരെ തനിച്ചാക്കി പോയിട്ട് അഞ്ചു വർഷമാകുന്നു... 

എൻഡോസൾഫാൻ വിഷമഴയുടെ ദുരിതപ്പെയ്ത്തിൽ നനഞ്ഞൊട്ടിയ കാറഡുക്കയിലെ കാനക്കോട്ടേക്കാണ് സമീറ വിവാഹം ചെയ്തെത്തിയത്. ആദ്യം മകൻ പിറന്നു. അവനു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആറ്റുനോറ്റിരുന്നു പിറന്ന പെൺമകൾ, റാഫില അക്ഷരാർഥത്തിൽ സമീറയെ കരയിച്ചു. എന്നിട്ടും അവൾ ആവും വിധമെല്ലാം അവളെ നോക്കി. ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിച്ചു. ദുരിതബാധിതയ്ക്കുള്ള സർക്കാരിന്റെ സാമ്പത്തിക സഹായമായ മൂന്നുലക്ഷം രൂപ ആദ്യം കിട്ടി. അതു പക്ഷേ, ഭർത്താവിന്റെ പേരിലുള്ള അക്കൗണ്ടിലായതിനാൽ സമീറയ്ക്കോ മകൾക്കോ ഉപകാരപ്പെട്ടില്ല. ചുമതലകളിൽ നിന്നു ഭർത്താവ് ഒളിച്ചോടിയപ്പോൾ വീടോ തല ചായ്ക്കാൻ ഒരു തുണ്ടുഭൂമിയോ ഇല്ലാതെ സമീറ സങ്കടപ്പെട്ടു. 

അതിനിടയിൽ ഇവർ ഒരു ചതിയിലും പെട്ടു. പുറമ്പോക്കു സ്വന്തം ഭൂമിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്, ഒരാൾ നെല്ലിക്കട്ടയിൽ 10 സെന്റ് സ്ഥലവും പഴയവീടും നൽകി. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയും സ്വർണം പണയപ്പെടുത്തിയും രണ്ടു ലക്ഷം രൂപ നൽകി. പണം വാങ്ങിയവർ മുങ്ങിയപ്പോൾ പട്ടയമോ ആധാരമോ ഇല്ലാതെ ഇവർ പെരുവഴിയിലായി. 

സ്വന്തം ഉപ്പയുടെയും സഹോദരങ്ങളുടെയും തണലിലാണ് ഇവരിപ്പോൾ. പക്ഷേ, ഇനിയും എത്രനാൾ? ഇതു സമീറയുടെ സങ്കടം മാത്രമല്ല, ഭാര്യയും മകളും രോഗദുരിതത്തിൽ മുങ്ങിപ്പോകുമ്പോൾ ഇട്ടെറിഞ്ഞുപോയവർ പോലും കാസർകോടുണ്ട്. 

ചെറുവത്തൂരിലെ അഖില ഇപ്പോഴും പറയും, എന്റെ കുഞ്ഞിന്റെ അച്ഛനല്ലേയെന്ന്...

കേൾക്കുക, വിഷമണ്ണിൽ മാനസിക വൈകല്യവുമായി അവർക്കു മകൾ പിറന്ന് അധികം കഴിയും മുൻപ് അയാൾ പോയി. അപ്പോഴേക്കും അഖിലയെ കാൻസർ പിടികൂടിയിരുന്നു. ദുരിതബാധിത പട്ടികയിൽ ഇടംകിട്ടിയതിന്റെ ആശ്വാസവും അഖിലയുടെ വീട്ടുകാരുടെ പിന്തുണയുമാണ് ഇവരെ മുൻപോട്ടു നയിക്കുന്നത്. അതിനിടയിൽ ഒരു വഞ്ചനയും ഇവർക്ക് നേരിടേണ്ടി വന്നു. ഇറങ്ങിപ്പോയി വർഷങ്ങൾ കഴിഞ്ഞപ്പോൾ വീട്ടിലേക്കൊരു വിളി. മകൾക്കു ചികിത്സാസഹായം നൽകാം, ആധാറിന്റെ പകർപ്പു വേണമെന്ന്. എന്നാൽ, സ്വന്തം പഞ്ചായത്തിൽ നിന്നു മകളുടെ പേരിൽ വികലാംഗ പെൻഷൻ നേടാനായിരുന്നു അതെന്ന് അഖില മനസ്സിലാക്കിയത് വൈകി മാത്രം. കലക്ടർ ഉൾപ്പെടെ ഇടപെട്ടാണ് പ്രശ്നപരിഹാരം കണ്ടത്. അപ്പോഴും അവൾ പറഞ്ഞു, എന്റെ കുഞ്ഞിന്റെ അച്ഛനല്ലേയെന്ന്... 

ദുരിതങ്ങളുടെ നടുക്കടലിൽ ദിശയറിയാതെ തുഴയുമ്പോഴും വേദനകൾ സ്വയം ഏറ്റുവാങ്ങി പരിമിതികളോടു പോരാടുന്ന, പ്രതീക്ഷയോടെ മുന്നോട്ടുപോകുന്ന ചിലരുണ്ട്. 

നാം മറന്നുപോയ അമ്മ 

ജഗന്നാഥ പൂജാരി തൂങ്ങിമരിച്ചു! എൻഡോസൾഫാൻ രോഗികളായ രണ്ടുമക്കളുടെ അച്ഛനായിരുന്നതിനാൽ വാർത്തകളിൽ നിറഞ്ഞു നിന്നു ആ മരണം. വാർത്തകളുടെ ആ കൊയ്ത്തുകാലം കഴിഞ്ഞൊഴിഞ്ഞ് എല്ലാവരും പോയപ്പോൾ അന്നോളം അയാളെ ആശ്രയിച്ചുകഴിഞ്ഞ മക്കളും ഭാര്യയും പിന്നെന്തു ചെയ്തുവെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചോദ്യം സമൂഹത്തോടാണ്. ശരിയാണ്, വിഷപ്പക്ഷി കണ്ണുകൾ കൊത്തിയെടുത്തതിൽപിന്നെ ഹരികിരണിനും ഹരിഷ്മിനയ്ക്കും കണ്ണ് അവരുടെ അമ്മയാണ്. 

നാൽപത്തിനാലാം വയസ്സിൽ വിധവയാകേണ്ടി വന്ന രേവതിയോട് ആരും കരുണ കാണിച്ചില്ല. വാണിനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായിരുന്ന ജഗന്നാഥ മരിച്ചിട്ടും ജോലി ഭാര്യയ്ക്കു നൽകാനുള്ള നടപടി എങ്ങുമെത്തിയില്ല. ഈ അമ്മയ്ക്ക് ഒറ്റയ്ക്ക് എന്തു ചെയ്യാനാവും? ബാധ്യതകൾ കൂടി വരുന്നുവെന്നു മാത്രം. സ്വയം സമാധാനിക്കാൻ ബീഡി തെറുക്കുന്നുണ്ട്. ആ വരുമാനം മാത്രം പോരല്ലോ ദുരിതമണ്ണിൽ പിറന്ന ഇരുവരുടെയും ചികിത്സയ്ക്കും നല്ലൊരു ഭാവിക്കും. നന്നായി പഠിക്കുന്ന അവരുടെ പഠനവും സുരക്ഷിതത്വവും മാത്രമാണ് ഈ അമ്മയുടെ മനസ്സിൽ. 

എന്റെ മകൾ പഠിക്കണം! 

സൗറാബി മകൾ റിഷ്നയ്ക്കൊപ്പം. ചിത്രം – രാഹുൽ പട്ടം

തോൽക്കാൻ മനസ്സില്ലാത്തൊരമ്മ–സൗറാബി. അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത് സാമൂഹികപ്രവർത്തകൻ നിസ്സാം റാവുത്തറായിരുന്നു. പ്ലസ്‌വൺ പരീക്ഷ കഴിഞ്ഞെത്തിയ മകൾ റിഷ്നയ്ക്ക് ചോറുവാരി കൊടുത്ത ശേഷം ആ അമ്മ ഞങ്ങളുടെ അടുത്തു വന്നു. നാളത്തെ പരീക്ഷയ്ക്ക് പഠിക്കാൻ പുസ്തകവുമെടുത്ത് തൊട്ടടുത്ത് റിഷ്നയും. എൻഡോസൾഫാൻ വിഷപ്പെയ്ത്തിൽ ശരീരവളർച്ച മുരടിച്ചു പോയ റിഷ്നയ്ക്കു തലവളരുന്ന ഹൈഡ്രോസിഫാലിസ് രോഗമുണ്ടായിരുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി ശസ്ത്രക്രിയ ഉൾപ്പെടെ പലവട്ടം പലതരം ചികിത്സകൾ. അതിനിടയിൽ കിട്ടിയ ഇടവേളകളിൽ മകളെ ഒരു രോഗിയായി ഇരുട്ടുമുറിയിൽ തള്ളിയിട്ടില്ല.

സൗറാബി മകൾ റിഷ്നയ്ക്കൊപ്പം. ചിത്രം – രാഹുൽ പട്ടം

മറ്റു മൂന്നു പെൺമക്കൾക്കൊപ്പം റിഷ്നയെയും സ്കൂളിലേക്കു വിട്ടു. പഠിച്ചു പഠിച്ച് അവളിപ്പോൾ പ്ലസ്‌വണ്ണിനായി. പ്ലസ്ടു കഴിഞ്ഞ് കംപ്യൂട്ടർ പഠിച്ചൊരു ജോലി നേടണമെന്ന മോഹമുണ്ട് ഈ മിടുക്കിക്ക്. ഓരോ ക്ലാസും കടന്നു റിഷ്ന മുന്നേറുമ്പോൾ തോറ്റമ്പുന്നത് എൻഡോസൾഫാനും വിജയിക്കുന്നത് സൗറാബിയെന്ന ഉമ്മയുമാണ്. സ്ഥലം അ‍ഞ്ചുലക്ഷത്തിന്റെ കടം കയറി ജപ്തിഭീഷണിയിലായിട്ടും ഈ അമ്മയ്ക്ക് ഒരേയൊരു വാശിയേയുള്ളു, റിഷ്നയെ ആവുന്നത്ര പഠിപ്പിക്കണം. 

എന്തെല്ലാം വേദനകളാണ് അമ്മമാർ ഉള്ളിലൊതുക്കുന്നത്. ശരിക്കും അമ്മയെന്ന വാക്കിന് അർഥം നൽകുന്നത് ഇവിടത്തെ അമ്മമാരാണെന്നു തോന്നിപ്പോകും.

(എൻഡോസൾഫാൻ ഗ്രാമങ്ങളിലെ അമ്മമാരുടെ സഹനത്തിന്റെ ആഴമറിയുന്ന ചില ജീവിതങ്ങളിലേക്ക് പരമ്പര തുടരും)