ന്യൂഡല്‍ഹി∙ യാതൊരു ചർച്ചകളും നടക്കാതെ പാർലമെന്റ് സമ്മേളനം ബഹളത്തിൽ അവസാനിച്ചതിൽ പ്രതിഷേധവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നീക്കങ്ങളിൽ പ്രതിഷേധിച്ചു നരേന്ദ്ര മോദി ഡൽഹിയിൽ 12ന് ഉപവാസമിരിക്കും. അന്നേദിവസം കർണാടകയിൽ ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉപവാസ സമരം ചെയ്യും. ബിജെപി എംപിമാരും സമരത്തില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടിൽ കോണ്‍ഗ്രസ് ഉപവാസം നടത്തിയതിനു ബദലാണു ബിജെപിയുടെ സമരം.
ഉപവാസമാണെങ്കിലും പ്രധാനമന്ത്രിയുടെ ദൈനംദിന ജോലികളിൽ മുടക്കമുണ്ടാകില്ലെന്നാണു സൂചന. അവരവരുടെ മണ്ഡലങ്ങളില്‍ ഉപവസിക്കുന്ന ബിജെപി എംപിമാരെ വിഡിയോ കോണ്‍ഫറൻസ് വഴി മോദി അഭിസംബോധന ചെയ്യും. ഇരുസഭകളും തുടർച്ചയായി പരാജയപ്പെടുന്നതിൽ പ്രതിഷേധിച്ചു സമ്മേളനകാലത്തെ 23 ദിവസത്തെ ശമ്പളവും അലവൻസുകളും വാങ്ങില്ലെന്ന് എൻഡിഎ എംപിമാർ നേരത്തേ അറിയിച്ചിരുന്നു. സഭകൾ മുടങ്ങാൻ കാരണം സർക്കാരിന്റെ ‘സ്പോൺസേർഡ് പ്രതിഷേധം’ ആണെന്ന് ആരോപണമുണ്ട്. ഇതിന്റെ മുനയൊടിക്കുക കൂടിയാണ് ഉപവാസത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ ദശാബ്ദത്തിൽ ഏറ്റവും കാര്യക്ഷമത കുറഞ്ഞ ബജറ്റ് സമ്മേളനമാണു സമാപിച്ചത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ലോക്സഭ പ്രവർത്തിച്ചത് ആകെ സമയത്തിന്റെ നാലു ശതമാനം. രാജ്യസഭയുടെ എട്ടു ശതമാനം സമയം ഫലപ്രദമായെന്നാണു കണക്ക്. സമ്മേളനത്തിൽ മൊത്തം 250 മണിക്കൂർ പാഴായി. ലോക്സഭയിലും രാജ്യസഭയിലുമായി ഇപ്പോൾ 784 അംഗങ്ങൾ. ഇതു കണക്കാക്കുമ്പോൾ എംപിമാരുടെ സമയത്തിൽ 1.96 ലക്ഷം മണിക്കൂർ നഷ്ടം. പാർലമെന്റ് ഒരു മണിക്കൂർ സമ്മേളിക്കാൻ ചെലവ് 1.56 കോടി രൂപ. 250 മണിക്കൂറിൽ നഷ്ടം 390 കോടിരൂപ. ഇതിനിടെ, 96 ലക്ഷത്തോളം കോടി രൂപയുടെ ധനബില്ലും ധനവിനിയോഗ നിർദേശങ്ങളും ചർച്ചയില്ലാതെ പാസാക്കിയെടുത്തു.