ബർബറ ബുഷ് അന്തരിച്ചു; ഓർമയാകുന്നത് യുഎസ് പ്രസിഡന്റിന്റെ ഭാര്യ, അമ്മ

ബർബറ ബുഷ്

ഹൂസ്റ്റൺ∙ ഭർത്താവും മകനും യുഎസ് പ്രസിഡന്റാകുന്നതു കണ്ട ഏക വനിതയായ ബർബറ ബുഷ് (92) അന്തരിച്ചു. അന്ത്യവിവരം ബുഷ് കുടുംബം വാർത്താക്കുറിപ്പിലൂടെയാണ് പുറത്തുവിട്ടത്. അമേരിക്കയുടെ നാൽപത്തിയൊന്നാമത്തെ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു.ബുഷിന്റെ ഭാര്യയും നാൽപത്തിമൂന്നാമത് യുഎസ് പ്രസിഡന്റായ ജോർജ് ഡബ്ല്യു. ബുഷിന്റെ മാതാവുമാണ് ബർബറ.

2008 ൽ ഒരു പൊതുചടങ്ങിനിടെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്യു. ബുഷിനൊപ്പം പിതാവ് മുൻ യുഎസ് പ്രസിഡന്റ് ജോർജ് എച്ച്.ഡബ്യു.ബുഷും മാതാവ് ബർബറ ബുഷും.

ആരോഗ്യം ക്ഷയിക്കുന്ന സാഹചര്യത്തിൽ ആശുപത്രിച്ചികിൽസ വേണ്ടെന്നു ബർബറ സ്വയം തീരുമാനിച്ചതായി കടുംബവൃത്തങ്ങൾ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു.

ബർബറ ബുഷ് 1990 ൽ വൈറ്റ് ഹൗസിലെ ചായസൽക്കാരത്തിനിടെ ബ്രിട്ടിഷ് രാജകുമാരി ഡയാനയ്ക്കൊപ്പം.

ഹൂസ്റ്റണിലെ വസതിയിൽ ശിഷ്ടകാലം കുടുംബാംഗങ്ങളുടെ പരിചരണയിൽ കഴിയാനായിരുന്നു ഇത്. ഹൃദയസംബന്ധമായ ഒട്ടേറെ അസുഖങ്ങൾ നേരിട്ട ബർബറ പല തവണയായി ആശുപത്രിയിൽ ദീർഘനാൾ ചെലവഴിച്ചിരുന്നു. 

2015 ൽ എൻസിഎഎ പുരുഷ ബാസ്കറ്റ് ബോൾ ടൂർണമെന്റ് വീക്ഷിക്കുന്ന മുൻ യുഎസ് പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു.ബുഷും ഭാര്യ ബർബറയും.

ജോർജ് എച്ച്.ഡബ്ല്യു.ബുഷും (93) ബർബറയും വിവാഹിതരായിട്ട് ഇക്കഴിഞ്ഞ ജനുവരിയിൽ 73 വർഷം പൂർത്തിയായിരുന്നു. 1989 മുതൽ 1993 വരെ ജോർജ് എച്ച്.ഡബ്ല്യു. ബുഷ് യുഎസ് പ്രസിഡന്റായിരിക്കെ യുഎസ് പ്രഥമ വനിതയായി.

2001 മുതൽ 2009 വരെ മകൻ ജോർജ് ഡബ്ല്യു. ബുഷ് യുഎസ് പ്രസിഡന്റ് പദവിയിൽ വിരാജിക്കുന്നത് കാണാനും ബർബറയ്ക്കു അവസരമുണ്ടായി.

ഹൂസ്റ്റണിൽ 1992 ലെ റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ മകൻ ജോർജ് ഡബ്ല്യു. ബുഷിനൊപ്പം ബർബറ.

സ്വന്തം കാലിൽ നിൽക്കാൻ ഞങ്ങളെ പിന്തുണച്ച മാതാവ് മരണം വരെ സന്തോഷം കൈവിടാതെയിരുന്നതായി മകൻ ജോർജ് ഡബ്ല്യു. ബുഷ് വാർത്താക്കുറിപ്പിൽ അനുസ്മരിച്ചു.