ഡോ.ഇ.ജി. സൈലാസ് അന്തരിച്ചു

ഡോ.ഇ.ജി. സൈലാസ്

കൊച്ചി∙ പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനും കേരള കാർഷിക സർവകലാശാല മുൻ വൈസ്ചാൻസലറുമായിരുന്ന ഡോ. ഇ.ജി.സൈലാസ് (90) അന്തരിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), ചെന്നൈ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (സിബ) എന്നിവയുടെ ഡയറക്ടറായും സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആന്റ് നാച്ചുറൽ ഹിസ്റ്ററിയുടെ സ്ഥാപക ചെയർമാൻ, ആൻഡമാനിലെ സെൻട്രൽ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സ്പെഷൽ ഓഫിസർ, രാജീവ് ഗാന്ധി ജലകൃഷി കേന്ദ്രത്തിന്റെ ശാസത്ര ഉപദേശക സമിതി ചെയർമാൻ, സെൻട്രൽ മറൈൻ ലിവിംഗ് റിസോഴ്സസ് ആന്റ് ഇക്കോളജിയുടെ ശാസത്ര ഉപദേശക സമിതി ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 

സിഎംഎഫ്ആർഐയുടെ ഡയറക്ടറായിരിക്കെ സ്ഥാപിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ മാരികൾച്ചർ ആണ് രാജ്യത്തെ സമുദ്രകൃഷി, ഗവേഷണ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ഈ സെന്ററിൽ നിന്ന് പിജിയും പിഎച്ച്ഡിയും കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് ഇന്ന് ഈ മേഖലയിൽ ഗവേഷണ സ്ഥാപനങ്ങൾക്കും മാരികൾച്ചർ വ്യവസായങ്ങൾക്കും നേതൃത്വം നൽകുന്നത്. 

മുന്നോറോളം ശാസത്രപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമുദ്രമത്സ്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി നയരൂപീകരണ സമിതികളിലും അക്കാദമിക-ഗവേഷണ സമിതികളിലും അംഗമായിരുന്നു. അന്തരാഷ്ട്രതലത്തിൽ  ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി കൂടിയാലോചനാ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 

ചിലവന്നൂർ അമ്പാടി റിട്രീറ്റ് ശാരദാ നിവാസിലായിരുന്നു താമസം. ഭാര്യ ശാരദ സൈലാസ്. മക്കൾ: ഡോ ഗീത സൈലാസ്, രമേശ് സൈലാസ്, ഡോ അരുൺ സൈലാസ്. മരുമകൾ- എമി. സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ബ്രോഡ്‌വേ സിഎസ്‌ഐ ഇമ്മാനുവൽ കത്തീഡ്രലിൽ നടക്കും. അടക്കം സെമിത്തേരിമുക്ക് സിഎസ്‌ഐ ശ്മശാനം.