ലോകമെങ്ങുമുള്ള ജനങ്ങളെ സാക്ഷിനിർത്തി കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാടകീയത നിറച്ച് ‘വൻ വെളിപ്പെടുത്തൽ’ നടത്തി. ഇറാൻ ഇത്രയും നാൾ ലോകത്തെ വഞ്ചിക്കുകയായിരുന്നുവെന്നായിരുന്നു ആ ടെലിവിഷൻ പ്രസംഗത്തിന്റെ കാതൽ. അതിനു തെളിവായി നെതന്യാഹു നിരത്തിയതാകട്ടെ, ഇറാനിൽനിന്ന് ഇസ്രയേലിന്റെ ചാരസംഘടന മൊസാദ് മോഷ്ടിച്ച അൻപതിനായിരത്തോളം രേഖകളും. ആണവ പരീക്ഷണത്തെക്കുറിച്ച് ഇറാൻ ഇത്രയും നാൾ നുണ പറഞ്ഞുവെന്നാണു നെതന്യാഹുവിന്റെ അവകാശവാദം. ഇതിന്റെ പശ്ചാത്തലത്തിൽ, ഇറാനുമായുണ്ടാക്കിയ ആണവ കരാറിൽനിന്നു യുഎസ് പിന്തിരിയണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. എന്നാൽ രേഖകൾ എല്ലാം പഴയതാണെന്നും യുഎസുമായി ഉണ്ടാക്കിയ ആണവ കരാറിന്റെ സമയത്തുതന്നെ ഇവയെല്ലാം പുറത്തുവന്നതാണെന്നുമാണ് വിദഗ്ധർ പറയുന്നത്.
നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് അൻപതിനായിരത്തിലധികം രഹസ്യരേഖകളും 180 സിഡികളും കയ്യിലുണ്ടെന്നാണ് നെതന്യാഹുവിന്റെ വാദം. ‘2015ൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ആണവക്കരാറിൽ ഏർപ്പെടുന്നതിനു വേണ്ടി, തങ്ങൾ ആണവായുധങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ പറഞ്ഞു, എന്നാൽ അതു കള്ളമാണെന്നു തെളിയിക്കുന്ന രേഖകളാണ് എന്റെ കയ്യിലുള്ളത്’– നെതന്യാഹു വ്യക്തമാക്കി. ആണവായുധം വികസിപ്പിക്കാൻ വേണ്ടി ഇറാൻ രൂപീകരിച്ച ‘പ്രോജക്ട് അമദ്’ എന്ന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും രേഖകളിലുണ്ടെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ആണവ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് ഇറാൻ കളവു പറഞ്ഞു, കരാറിനുശേഷവും ആണവ പരീക്ഷണങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കാനും അവ വിപുലപ്പെടുത്താനും ഇറാൻ ശ്രമിച്ചു, ആണവ പ്രവർത്തനങ്ങളെല്ലാം നിർത്തിയെന്നു 2015 ൽ രാജ്യാന്തര ആണവോർജ ഏജൻസിക്കുമുന്നിൽ പറഞ്ഞതു കളവായിരുന്നു എന്നീ ആരോപണങ്ങളായിരുന്നു നെതന്യാഹു ഉന്നയിച്ചത്. 2015 ൽ കരാറിൽ ഒപ്പിട്ടശേഷവും രേഖകൾ ഒളിപ്പിച്ചുവയ്ക്കാനുള്ള ശ്രമങ്ങൾ ഇറാൻ ശക്തിപ്പെടുത്തി. ഈ രേഖകൾ 2017 ലാണ് ടെഹ്റാനിലെ അതീവ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയതെന്നും നെതന്യാഹു പറഞ്ഞു. ഒരു ലക്ഷത്തിൽപ്പരം രേഖകളുണ്ടായിരുന്ന ഇവിടെനിന്നു മൊസാദ് മോഷ്ടിച്ച പകുതിയോളം എണ്ണത്തിന്റെ ശേഖരവും ടെലിവിഷനിലൂടെ നെതന്യാഹു ലോകത്തെ കാട്ടി.
മോഷ്ടിച്ചവയെല്ലാം നേരത്തേ പുറത്തുവന്നതെന്നു വിദഗ്ധർ
തിങ്കളാഴ്ച നെതന്യാഹു നടത്തിയ ‘വെളിപ്പെടുത്തൽ’ രാജ്യാന്തര തലത്തിൽ കാര്യമായി ഏശിയില്ല. നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെ, ഇറാനെക്കുറിച്ചു താൻ പറഞ്ഞതെല്ലാം നൂറുശതമാനം സത്യമാണെന്ന് ഇതിലൂടെ തെളിഞ്ഞതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചെങ്കിലും മറ്റു ലോകനേതാക്കൾ ഇസ്രയേലിന്റെ വെളിപ്പെടുത്തലിന്റെ ‘ചൂട്’ അവഗണിച്ചു. മാത്രമല്ല, യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ കൈവശമുള്ള, ദശകങ്ങളോളം പഴക്കമുള്ള വിവരങ്ങളെ സ്ഥിരീകരിക്കുന്നവയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നാണ് സിഐഎ മുൻ ഡയറക്ടർ മൈക്കിൾ ഹെയ്ഡെന്റെ നിലപാട്. 2003 ൽ ഇറാൻ ആണവ പരീക്ഷണം നിർത്തിയതായി യുഎസിനു തെളിവു ലഭിച്ചിട്ടുണ്ടെന്നും ഹെയ്ഡൻ പറഞ്ഞു.
ആരോപണങ്ങൾ ഇറാനും തള്ളി. യുഎസ് സഖ്യകക്ഷിയും ഇറാനുമായുള്ള ആണവ കരാറിൽ ഒപ്പിട്ട രാജ്യവുമായ ഫ്രാൻസ് ഈ കരാർ നിലനിർത്തേണ്ടതിന്റെ ആവശ്യകത ഇപ്പോൾ വ്യക്തമായെന്ന നിലപാടാണ് എടുത്തത്. ഇറാൻ മുൻപു നടത്തിയ ഗവേഷണങ്ങളെക്കുറിച്ചുള്ള പ്രസന്റേഷനാണ് ഇസ്രയേൽ നടത്തിയതെന്നാണ് ബ്രിട്ടന്റെ വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത്. കരാർ ലംഘിക്കുന്ന ഒരു കാര്യവും ഇറാൻ നടത്തിയതായി ഇസ്രയേലിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി ചൊവ്വാഴ്ച വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
രേഖകൾ ഒളിപ്പിച്ചത് അതീവ സുരക്ഷയുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ രഹസ്യ കേന്ദ്രത്തിലാണു രേഖകൾ സൂക്ഷിച്ചിരുന്നതെന്ന് ഇസ്രയേൽ പറയുന്നു. അതീവ സുരക്ഷയുള്ള ഇവിടെ ജനശ്രദ്ധ തെറ്റിക്കാൻ ഇടിഞ്ഞുപൊളിഞ്ഞ ഗോഡൗണിനുള്ളിലായിരുന്നു ഇവ സൂക്ഷിച്ചത്. ഒറ്റ രാത്രി കൊണ്ടാണു മൊസാദ് ഇവയിൽ പകുതിയോളം കടത്തി ഇസ്രയേലിലെത്തിച്ചതെന്നും ‘അഭിമാനത്തോടെ’ നെതന്യാഹു അറിയിച്ചു. ജനുവരി അവസാനത്തോടെയായിരുന്നു ഇത്.
2016 ഫെബ്രുവരിയിലാണ് ഈ ഗോഡൗൺ മൊസാദിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അന്നുമുതൽ ഈ കെട്ടിടം അവരുടെ നിരീക്ഷണവലയത്തിലായിരുന്നു. ജനുവരിയിൽ വാഷിങ്ടൻ സന്ദർശിച്ച വേളയിൽത്തന്നെ മൊസാദ് മേധാവി യോസി കോഹെൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇക്കാര്യം അറിയിച്ചു. പേർഷ്യൻ ഭാഷയിലുള്ള രേഖകൾ മുഴുവൻ പരിശോധിച്ചശേഷം ഇക്കാര്യം പുറത്തുവിടുമെന്നും അറിയിച്ചിരുന്നതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.