ബാർസിലോന∙ നൂകാംപിൽ ബാർസിലോന തോറ്റില്ല, റയൽ ജയിച്ചതുമില്ല. സൂപ്പർ താരങ്ങൾ ഗോൾ നേടിയ സ്പാനിഷ് ലീഗ് സീസണിലെ അവസാന എൽ ക്ലാസിക്കോയിൽ ഇരുടീമുകളും 2–2 സമനിലയിൽ പിരിഞ്ഞു. ലയണൽ മെസ്സി മറിച്ചു നൽകിയ പാസിൽനിന്ന് ലൂയി സ്വാരെസ് പത്താം മിനിറ്റിൽത്തന്നെ ബാർസിലോനയെ മുന്നിലെത്തിച്ചു.
കരിം ബെൻസേമയുടെ സുന്ദരമായ ഹെഡർ പാസ് ബാർസ വലയിലേക്കു തട്ടിയിട്ട് ആറു മിനുറ്റിനകം ക്രിസ്റ്റ്യാനോ റയലിനെ ഒപ്പമെത്തിച്ചു(1–1). 44–ാം മിനുറ്റിൽ പരസ്പരം കൊമ്പുകോർത്തതിന് സ്വാരെസിനും റാമോസിനും റഫറി മഞ്ഞക്കാർഡ് നൽകിയതോടെ കളി കയ്യാങ്കളിയായി. തൊട്ടടുത്ത മിനുറ്റിൽ റാമോസിനെ അപകടമായ രീതിയിൽ ടാക്കിൾ ചെയ്തതിന് മെസ്സിക്കും കിട്ടി മഞ്ഞക്കാർഡ്. ഒടുവിൽ സെർജി റോബർട്ടോയ്ക്ക് ചുവപ്പു കാർഡ് കിട്ടിയതോടെ ബാർസ പത്തു പേരായി ചുരുങ്ങി.
രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിൻവലിച്ച് റയൽ മാർക്കൊ അസൻസിയോയെ കളത്തിലിറക്കി. രണ്ടാം പകുതിയുടെ ആറാം മിനുറ്റിൽ കാസിമിറോയെയും റാമോസിനെയും സമർഥമായി ഡ്രിബിൾ ചെയ്ത മെസ്സി തൊടുത്ത ഷോട്ട് കെയ്‌ലർ നവാസിനെ നിസ്സഹായനാക്കി ഗോൾവല കടന്നു. ബാർസ മുന്നിൽ (2–1). എന്നാൽ 73–ാം മിനിറ്റിൽ തകർപ്പൻ ഷോട്ടിലൂടെ ബെയ്ൽ റയലിനായി ഗോൾ മടക്കി (2–2). താരങ്ങൾ വാക്കേറ്റം തുടർന്നതോടെ കളി വീണ്ടും പരുക്കനായി.