സാൽഫോർഡ് (യുകെ)∙ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗുസന്‍ അതീവ ഗുരുതരാവസ്ഥയില്‍. രക്തസ്രാവം അമിതമായതിനാല്‍ ശനിയാഴ്ച അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഫെർഗുസന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തായയെന്നും സാധാരണനിലയിലേക്ക് എത്താൻ ദീർഘനാളത്തെ പരിചരണം ആവശ്യമാണെന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച പരിശീലകനായ ഫര്‍ഗൂസന്‍ 27 വര്‍ഷം നീണ്ട ഓള്‍ഡ് ട്രഫോര്‍ഡ് ജീവിതത്തിനിടെ 30 കിരീടങ്ങളാണു സ്വന്തമാക്കിയത്. ഫര്‍ഗൂസന്റെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടടുക്കുമെന്ന് പ്രത്യാശിക്കുന്നതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
മുന്‍ പരിശീലകനു പ്രാര്‍ഥനകളുമായി റയല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുണൈറ്റഡ് മുന്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷ്മൈക്കിലും രംഗത്തെത്തി. യുണൈറ്റഡിന്റെ മിഡ്ഫീൽഡറായിരുന്ന ഡേവിഡ് ബെക്കാം, അഞ്ചുവർഷത്തോളം ഫെർഗുസന്റെ അസിസ്റ്റന്റ് ആയിരുന്ന മൈക്ക് ഫെലാൻ, യുണൈറ്റഡിന്റെ ഡിഫൻഡർ ആഷ്‌ലെ യങ്, യുണൈറ്റഡ് മുൻ ഗോൾകീപ്പർ എഡ്വിൻ വാൻ ഡേർ സർ, നിലവിലെ ക്യാപ്റ്റൻ മൈക്കിൾ കാരിക്, ലിവർപൂൾ എഫ്സി, മാഞ്ചസ്റ്റർ സിറ്റി, ഫിഫ തുടങ്ങിയവരും ഫെർഗുസന്റെ ആരോഗ്യത്തിനായി പ്രാർഥനകളുമായി എത്തി.