കേരളത്തിലേക്ക് യാചക വേഷത്തില്‍ ഉത്തരേന്ത്യൻ ക്രിമിനലുകൾ; പ്രചാരണം തെറ്റ്

തിരുവനന്തപുരം∙ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൊടുംക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിലേക്കെത്തുകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തെറ്റാണെന്നു പൊലീസ്. റമസാനോടനുബന്ധിച്ചാണ് ഇത്തരത്തിൽ യാചകർ വൻതോതിൽ കേരളത്തിലേക്കെത്തുന്നതെന്നാണു കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പേരിലുള്ള അറിയിപ്പായി പ്രചരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള യാതൊരു അറിയിപ്പും നൽകിയിട്ടില്ലെന്നും തെറ്റായ സന്ദേശമാണു പ്രചരിക്കുന്നതെന്നും കൊല്ലം ഈസ്റ്റ് എസ്ഐ ‘മനോരമ ഓണ്‍ലൈനി’നോടു പറഞ്ഞു. വ്യാജസന്ദേശങ്ങളിൽ കുടുങ്ങരുതെന്നും പൊലീസിന്റെ മുന്നറിയിപ്പുണ്ട്.

വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയുമെല്ലാം ഏതാനും ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുകയാണ് ഈ സന്ദേശം. വ്യാജ സന്ദേശത്തെക്കുറിച്ചുള്ള വിവരം ഈസ്റ്റ്പൊലീസ് സ്റ്റേഷന്‍ സിഐ പൊലീസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്. സന്ദേശം തെറ്റാണെന്ന് പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ രാജശേഖരനും ‘മനോരമ’യോടു വ്യക്തമാക്കി. ഡിജിപിക്ക് വിവരം കൈമാറിയിട്ടുണ്ട്. ഡിജിപിയുടെ നിര്‍ദേശം അനുസരിച്ച് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഒരാഴ്ച മുന്‍പാണ് കേരള പൊലീസിന്റെ ലെറ്റര്‍ ഹെഡിലെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്. ഒരാഴ്ചയ്ക്കിടെ കേരളത്തിന്റെ വിവിധ ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരു ലക്ഷത്തോളം ഇതര സംസ്ഥാനക്കാര്‍ എത്തിയിട്ടുണ്ടെന്നും കവര്‍ച്ച നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വ്യാജ ഒപ്പും സീലും സന്ദേശത്തിലുണ്ട്. സീലില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയും രസകരമാണ്– ഈ വര്‍ഷം ഓഗസ്റ്റ് 16! മൂന്നുമാസം കഴിഞ്ഞുള്ള തീയതി ആയിട്ടും സന്ദേശം വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണു പൊലീസിന്റെ ഇടപെടൽ.