ആകാശത്ത് കാണാം മിഴിവിന്റെ ‘വ്യാഴവട്ടം’; ഒപ്പം നാലു ഗലീലിയൻ ചന്ദ്രന്മാരും

ടെലിസ്കോപ്പിന്റെ സഹായത്തോടെ മൊബൈലിൽ പകർത്തിയ വ്യാഴത്തിന്റെ ദ്യശ്യം. നാല് ഉപഗ്രഹങ്ങളെയും ഇതിൽ കാണാം. (വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശേരിയുടെ മകൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി എസ്. സൗരഭ്യ, കോഴിക്കോട് കാക്കൂർ പഞ്ചായത്തിലെ ആറോളിപ്പൊയിലിലെ സ്വന്തം വീട്ടുമുറ്റത്തു നിന്നു പകർത്തിയത്)

പത്തനംതിട്ട∙ രാത്രിയാകാശത്ത് ഇതു ‘വ്യാഴം’ ഒരുക്കുന്ന കാഴ്ചയുടെ വിരുന്നുകാലം. മഴമേഘങ്ങൾ കാഴ്ച മറച്ചില്ലെങ്കിൽ ഇപ്പോൾ വ്യാഴഗ്രഹത്തെ (ജൂപ്പിറ്റർ) കൂടുതൽ മിഴിവിലും തിളക്കത്തിലും നിരീക്ഷിക്കാം. രാത്രിയോടെ തെക്കുകിഴക്കൻ ആകാശത്താണു ‘ചുവപ്പൻ ഗ്രഹം’ ഉദിച്ചുയരുക. ആ സമയത്ത് ആകാശത്തു ദൃശ്യമാകുന്ന തിളക്കമേറിയ ഗോളമായതിനാൽ അനായാസം തിരിച്ചറിയാം.

ഓരോ 13 മാസം കൂടുമ്പോഴും ഭൂമി, സൂര്യനും വ്യാഴത്തിനും ഇടയിലായി വരും. ഇക്കാലത്തു സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോൾ വ്യാഴം കിഴക്ക് ഉദിക്കും. ‘ഓപ്പോസിഷൻ’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിൽ വ്യാഴത്തെ കൂടുതൽ വലിപ്പത്തിലും തിളക്കത്തിലും കാണാം. മാത്രമല്ല ഇക്കാലത്ത് വ്യാഴം താരതമ്യേന ഭൂമിയോട് ‘അടുപ്പത്തിലും’ ആയിരിക്കും. ഇത്തവണത്തെ വ്യാഴത്തിന്റെ ‘ഓപ്പോസിഷൻ’ എട്ടാം തീയതി ആരംഭിച്ചു. രണ്ടു വർഷത്തിനിടയിൽ വ്യാഴം ഭൂമിയോട് ഇത്രയും അടത്തുവരുന്നത് ഇതാദ്യമായാണ്.

തെളിഞ്ഞ മാനത്ത് അഞ്ചിഞ്ച് ടെലിസ്കോപ്പിലൂടെ മൊബൈൽ ഫോണിൽ വ്യാഴത്തിന്റെ ചിത്രം പകർത്താനാവുമെന്നു വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരി പറ‍ഞ്ഞു. ടെലിസ്കോപ്പിലൂടെ എടുത്ത  മൊബൈൽ ചിത്രത്തിൽ വ്യാഴം ഗ്രഹത്തെയും അതിന്റെ പ്രധാനപ്പെട്ട നാലു ഗലീലിയൻ ചന്ദ്രന്മാരെയും കാണാം. നാസ 2011ൽ അയച്ച ബഹിരാകാശ പേടകമായ ജൂണോ 2016ൽ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തിയ അന്നുമുതൽ ചിത്രങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണ്.