അധ്യാപനത്തിൽ സന്തോഷവാനാണ്; ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്കില്ല: രഘുറാം രാജൻ

രഘുറാം രാജൻ.

ലണ്ടൻ∙ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി വരുമെന്ന വാർത്തകൾ നിഷേധിച്ച് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. അടുത്ത വർഷം ഒഴിവുവരുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് രഘുറാം രാജൻ പറഞ്ഞു. 2019 ജൂണിൽ പടിയിറങ്ങുന്ന മാർക് കാർണിയുടെ പിൻഗാമിയായി രഘുറാം രാജൻ സ്ഥാനമേൽക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

‘ചിക്കാഗോ സർവകലാശാലയിൽ വളരെ നല്ല ജോലിയാണ് എനിക്കിപ്പോൾ. ഞാനൊരു അക്കാദമിക് വ്യക്തിയാണ്, പ്രഫഷനൽ ബാങ്കറല്ല. ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷവാനാണ്. എവിടെയും ജോലിക്ക് അപേക്ഷിച്ചിട്ടില്ല’– രാജൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. രാജ്യാന്തര നാണയനിധിയിൽ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ആയിരിക്കേ, 2007–2008ലെ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി മുന്നറിയിപ്പു നൽകിയത് രാജനാണ്. 2013 മുതൽ 2016 വരെ റിസർവ് ബാങ്ക് ഗവർണറായിരുന്നു.