ഗോവധമെന്ന് ആരോപണം; മധ്യപ്രദേശിൽ ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

ഭോപാൽ ∙ മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ പശുവിനെ കൊന്നെന്ന് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. റിയാസ് (45) എന്നയാളാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് ഷക്കീലിന് (33) ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണു സംഭവം. പശുവിനെ കൊന്നെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമീണർ കല്ലും വടിയുമായി ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ, സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്തുണ്ട്. അദ്ദേഹം സത്‌നയും സന്ദർശിക്കുന്നുണ്ട്.

സംഭവത്തിൽ പവൻ സിങ് ഗോണ്ട്, വിജയ് സിങ് ഗോണ്ട്, ഫൂൽസിങ് ഗോണ്ട്, നാരായൺ സിങ് ഗോണ്ട് എന്നീ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ്. സംഭവസ്ഥലത്തുനിന്ന് ഒരു കാളയുടെ ശവശരീരവും ഏതാനും മാംസപ്പൊതികളും കണ്ടെടുത്തതായി പൊലീസ് പറ‍ഞ്ഞു. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷക്കീലിന്റെ പേരിൽ ഗോവധത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം, ഗോവധം നടത്തിയെന്ന ആരോപണം റിയാസിന്റെയും ഷക്കീലിന്റെയും കുടുംബങ്ങൾ നിഷേധിച്ചു.