ഡൽഹി – മീററ്റ് എക്സ്പ്രസ് ഹൈവേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനത്തിനു ശേഷം പാതയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി∙ 7500 കോടി രൂപയുടെ പദ്ധതിയായ ഡൽഹി – മീററ്റ് എക്സ്പ്രസ് ഹൈവേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹൈവേ നിലവിൽ വരുന്നതോടെ ഡൽഹിയും മീററ്റ‌ും തമ്മിലുള്ള യാത്രാസമയത്തിൽ ഗണ്യമായ കുറവുണ്ടാകും. ഉദ്ഘാടനത്തിനുശേഷം 14 വരി ഹൈവേയിലൂടെ മോദി റോഡ് ഷോയും നടത്തി. ഡൽഹിയിലെ സാരായ് കാലെ ഖാനിൽനിന്ന് യുപി ഗേറ്റ് വരെ ആറു കിലോമീറ്ററാണ് മോദി തുറന്ന കാറിൽ സഞ്ചരിച്ചത്. ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മോദിക്കൊപ്പം മറ്റൊരു തുറന്ന കാറിൽ സഞ്ചരിച്ചു.

ഇവിടെനിന്ന് യുപിയിലെ ബാഗ്പാട്ടിലേക്കാണ് പ്രധാനമന്ത്രി പോയത്. ഇന്ത്യയുടെ ആദ്യത്തെ ഹരിത, സ്മാർട് ഹൈവേയായ ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.