മുംബൈ∙ മാധ്യമങ്ങൾ വാർത്തകൾ നൽകുമ്പോൾ ‘ദലിത്’ എന്ന് ഉപയോഗിക്കാതിരിക്കാൻ നിർദേശം നൽകണമെന്നു മുംബൈ ഹൈക്കോടതി. വാർത്താ പ്രക്ഷേപണ മന്ത്രാലയത്തോടു നാഗ്പുർ ബെഞ്ചാണു നിർദേശം നൽകിയത്. സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നീക്കം. ജസ്റ്റിസുമാരായ ബി.പി.ധർമാധികാരി, ഇസെഡ്.എ.ഹഖ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണു നിർദേശം.
സർക്കാർ രേഖകളിൽ ‘ദലിത്’ പ്രയോഗം ഒഴിവാക്കണം എന്നാവശ്യപ്പെട്ടു രണ്ടു വർഷം മുമ്പ് പങ്കജ് മെശ്രാം നൽകിയ പൊതുതാൽപര്യ ഹർജിയിലാണു തീരുമാനം. 2017 നവംബറിൽ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് ഇത്തരം നിർദേശം പുറപ്പെടുവിക്കാൻ ആലോചിക്കുകയും 2018 മാർച്ചിൽ സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചു തീരുമാനം പുരോഗമിക്കുകയാണെന്നു മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹാജരായ എജിപി ഡി.പി.താക്കറെ കോടതിയെ അറിയിച്ചു. മാധ്യമങ്ങളിലും നിർദേശം നടപ്പാക്കണമെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണു കോടതി വാർത്താപ്രക്ഷേപണ മന്ത്രാലയത്തിനു നിർദേശം നൽകിയത്.
നേരത്തേ, ദലിത് എന്ന വാക്ക് ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ ഉപയോഗിക്കരുതെന്നു കേരള പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (പിആർഡി) ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. ഹരിജൻ, ഗിരിജൻ, ദലിത് എന്നീ വാക്കുകൾ ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കരുതെന്നു 2008ൽ തന്നെ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മിഷൻ ഉത്തരവിട്ടിരുന്നു എന്നായിരുന്നു പിആർഡിയുടെ വിശദീകരണം. എന്നാൽ, ദലിത് എന്ന പ്രയോഗം നിരോധിക്കാൻ ഉത്തരവിട്ടിട്ടില്ലെന്നാണു സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ വ്യക്തമാക്കിയത്.