മോസ്കോ∙ 2026 ലെ ലോകകപ്പ് ഫുട്ബോളിന് കാനഡ, യുഎസ്, മെക്സിക്കോ എന്നീ മൂന്നു രാഷ്ട്രങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും. ഫിഫ കോൺഗ്രസിലാണ് വടക്കൻ അമേരിക്കൻ രാഷ്ട്രങ്ങളെ ലോകകപ്പ് സംയുക്തമായി നടത്തുന്നതിനു തിരഞ്ഞെടുത്തത്.
മൊറോക്കോയുടെ വെല്ലുവിളി മറികടന്നാണു വടക്കൻ അമേരിക്കൻ സഖ്യം അവകാശം നേടിയെടുത്തത്. 203 ല്‍ 134 വോട്ടുകളാണ് ഇവർക്കു ലഭിച്ചത്. മൊറോക്കോയ്ക്കു ലഭിച്ചതാകട്ടെ 65 വോട്ടും. ഈ വർഷത്തെ ലോകകപ്പിനു മുന്നോടിയായി റഷ്യയിലെ മോസ്കോയിലാണ് 2026ലെ ആതിഥേയരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് നടന്നത്. യുഎസ് 1994ലും മെക്സിക്കോ 1970, 86 വർഷങ്ങളിലും ലോകകപ്പ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
കാനഡ ആദ്യമായാണ് പുരുഷ ലോകകപ്പിനുള്ള വേദിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2015 ലെ വനിതാ ടൂർണമെന്റ് നടന്നത് കാനഡയിലായിരുന്നു. മൽസരങ്ങളിൽ അധികവും നടക്കുക യുഎസിലായിരിക്കും എന്നാണ് അറിയുന്നത്. 2022 ലോകകപ്പ് ഖത്തറിലാണ് നടക്കുക.