Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി പൊലീസിന്റെ പ്രവർത്തനം ആരുടെയോ നിർദേശമനുസരിച്ച്: കഫീൽഖാൻ

kafeel-khan കഫീൽ ഖാൻ വാർത്താ സമ്മേളനത്തിനിടെ. ചിത്രം: എഎന്‍ഐ ട്വിറ്റർ

ലക്നൗ ∙ സഹോദരനു വെടിയേറ്റ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടർ കഫീൽ ഖാൻ. ഉത്തർ പ്രദേശ് പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണമോ അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി നടത്തുന്ന അന്വേഷണമോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരുടെയോ നിർദേശമനുസരിച്ചാണു യുപി പൊലീസ് പ്രവർത്തിക്കുന്നതെന്നു വ്യക്തമാണ്. അവരുടെ ലക്ഷ്യമെന്താണെന്നു വ്യക്തം. അക്രമം നടന്ന് 48 മണിക്കൂറിനകം പ്രതികളെ പിടികൂടുമെന്നായിരുന്നു വാക്കു നൽകിയിരുന്നത്. എന്നാൽ‌ ഒരാഴ്ച കഴിഞ്ഞിട്ടും നടപടികളോ അറസ്റ്റോ ഉണ്ടായിട്ടില്ല– കഫീൽ ഖാൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ബിജെപി എംപി കമലേഷ് പാസ്വാനെതിരെയും കഫീൽ ഖാൻ ആഞ്ഞടിച്ചു. സഹോദരനെ വെടിവയ്ക്കുന്നതിനു പാസ്വാനും സതീഷ് നംഗാലിയ എന്നൊരാളും ചേർന്നാണ് ആളെ വാടകയ്ക്കെടുത്തത്. എന്നാൽ പാസ്വാനു സഹോദരനുമായി പ്രശ്നങ്ങളൊന്നുമില്ല. ഒരു ബന്ധുവിന്റെ സ്ഥലം ഫെബ്രുവരിയിൽ ഇവർ ചേർന്ന് അപഹരിച്ചിരുന്നു. ഈ സംഭവത്തിൽ എഫ്ഐആർ ഇട്ടിട്ടുണ്ടെന്നു കഫീൽ ഖാൻ പറഞ്ഞതായി എഎൻഐ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണു കഫീൽ ഖാന്റെ സഹോദരൻ കാസിഫ് ജമീലിനു നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തത്. രാത്രി പതിനൊന്നോടെ ഹുമയുൺപൂർ നോർത്തിൽ ജെപി ആശുപത്രിക്കു സമീപമായിരുന്നു ആക്രമണം. ആരോഗ്യനില വഷളായതിനെ തുടർന്നു കാസിഫിനെ പിന്നീട് ലക്നൗവിലെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ തിങ്കളാഴ്ചതന്നെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.