Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ മന്ത്രിമാർക്ക് ഇക്കണോമിക്സ് അറിയില്ല: സുബ്രഹ്മണ്യൻ സ്വാമി

subramanian-swamy-02

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിമാർക്കു സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് അടിസ്ഥാനവിവരം പോലുമില്ലെന്നു ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി. പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, കേന്ദ്ര മന്ത്രിസഭയിലെ ഒരൊറ്റ മന്ത്രിക്കുപോലും ഇക്കണോമിക്സ് അറിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.

2016 ൽ, അന്നത്തെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു സ്വാമി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. രഘുറാം രാജൻ ‘മാനസികമായി ഇന്ത്യക്കാരനല്ലെ’ന്നും കരുതിക്കൂട്ടി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തെന്നുമായിരുന്നു സ്വാമിയുടെ പക്ഷം. ‘റിസർവ് ബാങ്ക് പലിശനിരക്കുകൾ കുത്തനെ കൂട്ടിയതു ചെറുകിട വ്യവസായമേഖലയെ തകർത്തുകളഞ്ഞു. ഇതു രാജ്യത്തെ തൊഴിലില്ലായ്മ വർധിപ്പിച്ചു. സമ്പദ്‌വ്യവസ്ഥ ആകെ കുളമായി. രഘുറാം രാജന് ഇതൊന്നും മനസ്സിലായതുപോലുമില്ല’ - സ്വാമി ആരോപിച്ചു.

രാജ്യത്തെ നിലവിലെ സാമ്പത്തിക നയങ്ങളൊന്നും കാര്യക്ഷമമല്ലെന്നും ശരിയായ നയങ്ങൾ രൂപപ്പെടുത്തിയെടുത്താൽ ചൈനയെ മറികടക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നും സുബ്രഹ്മണ്യൻ സ്വാമി വിലയിരുത്തുന്നു. ‘ഇപ്പോഴത്തെ സാഹചര്യത്തിൽ, രാജ്യത്തിന്റെ യഥാർഥ ധനമന്ത്രി ആരാണെന്നതിൽ എനിക്കു സംശയമുണ്ട്. വെബ്സൈറ്റിൽ മന്ത്രിമാരുടെ ലിസ്റ്റിൽ അരുൺ ജയ്റ്റ്‌ലിയുടെ പേരുണ്ട്. ചിലയിടത്തു ധനമന്ത്രിയുടെ സ്ഥാനത്തു പീയൂഷ് ഗോയലിന്റെ പേരും. ജയ്റ്റ്ലിയെന്താ വകുപ്പില്ലാ മന്ത്രിയാണോ?’ - അരുൺ ജയ്റ്റ്‍‌ലിയെ പരോക്ഷമായി പരിഹസിച്ച് സ്വാമി ചോദിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിക്കു ചില ഉപദേശങ്ങളും സ്വാമി നൽകുന്നുണ്ട്. ‘സാമ്പത്തിക പരിഷ്കാരങ്ങള്‍കൊണ്ട് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കടന്നുകൂടാൻ കഴിയില്ല. ഇതു പ്രധാനമന്ത്രി തിരിച്ചറിയണം. സാമ്പത്തിക നയം നരസിംഹറാവുവിനെയോ മൊറാർജി ദേശായിയെയോ വാജ്പേയിയെയോ സഹായിച്ചില്ലെന്നു മറക്കരുത്. രാജ്യത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ആളാണു പ്രധാനമന്ത്രി മോദി. പക്ഷേ, അദ്ദേഹത്തിന്റെ ‘കൂട്ടുകെട്ടുകൾ’ ശരിയല്ല. അടുത്ത തവണ പ്രധാമന്ത്രിപദത്തിലെത്തുമ്പോഴേക്ക് ഇതൊക്കെ അദ്ദേഹം തിരിച്ചറിയുമായിരിക്കും’.

നരേന്ദ്ര മോദി കഴിഞ്ഞാൽ ബിജെപിയിലെ ഏറ്റവും ജനപ്രിയനായ നേതാവ് താനാണെന്നും സുബ്രഹ്മണ്യൻ സ്വാമി അവകാശപ്പെട്ടു. ആവശ്യപ്പെടാതെ തന്നെ ഒട്ടേറെ അംഗീകാരങ്ങൾ തനിക്കു ലഭിക്കുന്നതിന് ഇതാണു കാരണം. ‘ഗ്രാമങ്ങളിൽ എനിക്കു വലിയ സ്വീകാര്യതയുണ്ട്. എന്താ കാരണം? ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഞാൻ അവർക്കുവേണ്ടി ശബ്ദമുയർത്തുമെന്ന് അവർക്കറിയാം’.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ജനം രണ്ടാം അവസരം നൽകുമെന്ന കാര്യത്തിൽ സ്വാമിക്കു സംശയമില്ല. ‘കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ കിട്ടും. പ്രതിപക്ഷം എത്ര ശ്രമിച്ചിട്ടും കാര്യമില്ല. മുന്നൂറിനടുത്തു സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ വരും. പ്രതിപക്ഷത്തെക്കുറിച്ച് എനിക്ക് എല്ലാമറിയാം. ഞാനവരുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ടല്ലോ. 70 വർഷമായി ഇവിടുത്തെ ഹിന്ദുക്കളെ വിഭജിക്കാനുള്ള ശ്രമം നടക്കുകയായിരുന്നു. 2014 മുതൽ, അവരെ ഒന്നിപ്പിക്കാനാണു ബിജെപി ശ്രമിക്കുന്നത്’.

മെഹബൂബ മുഫ്തി കാര്യപ്രാപ്തിയില്ലാത്ത മുഖ്യമന്ത്രിയായിരുന്നു. പിഡിപിയുമായുള്ള സഖ്യം ബിജെപിക്കു പറ്റിയ അബദ്ധമാണ്. ഒരു ഹിന്ദുമത വിശ്വാസി ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായാലേ കാര്യമുള്ളെന്നും സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പെട്ടു.