വഡോദര∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സ്കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്താം ക്ലാസുകാരൻ പിടിയിൽ. കൊല ചെയ്യപ്പെട്ട പതിനാലുകാരനൊപ്പം ഈ വിദ്യാർഥി ശുചിമുറിയിലേക്കു കയറിപ്പോകുന്നത് സ്കൂളിലെ സിസിടിവിയിൽ പതിഞ്ഞതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് നടപടി.
ഗുജറാത്തിലെ വഡോദരയിലുള്ള സ്കൂളിൽ കഴിഞ്ഞ ദിവസമാണു ഒൻപതാം ക്ലാസുകാരൻ കൊല്ലപ്പെട്ടത്. വയറ്റിൽ പത്തു തവണ കുത്തേറ്റ പാടുകളുണ്ടായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പത്താം ക്ലാസുകാരന്‍ പിടിയിലായത്. സൗത്ത് ഗുജറാത്തിലെ വൽസദ് ടൗണിൽ നിന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തതെന്ന് വഡോദര കമ്മിഷണർ മനോജ് ശശിധര്‍ പറഞ്ഞു.
പതിനേഴുകാരനായ കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പിടിയിലായ കുട്ടിയുടെ മാനസിക നിലയും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിനു പിന്നിലെ കാരണം അതിനു ശേഷമേ വ്യക്തമാകൂവെന്നും മനോജ് പറഞ്ഞു.
കൊല്ലപ്പെട്ട കുട്ടി ഒരാഴ്ച മുൻപാണ് സ്കൂളിൽ ചേർന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഗുജറാത്തിലെ ആനന്ദ് ടൗണിലാണ്. വഡോദരയിൽ അമ്മാവനൊപ്പമായിരുന്നു താമസം.
കഴിഞ്ഞ വർഷം സമാന രീതിയിൽ ഡൽഹിയിലെ ഗുരുഗ്രാമിൽ ഏഴു വയസ്സുള്ള കുട്ടിയെ സ്കൂളിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആദ്യ സ്കൂളിലെ ബസ് ഡ്രൈവറെ സംശയത്തിന്റെ പേരിൽ അറസ്റ്റു ചെയ്തെങ്കിലും പിന്നീട് സ്കൂളിലെ തന്നെ പ്ലസ് വൺ വിദ്യാർഥിയാണ് കൊലയ്ക്കു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നു സ്കൂളുകളിൽ സിസിടിവി നിർബന്ധമാക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.