നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബിൽ നിയമമാക്കരുത്: പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം ∙ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ ഇന്നു നിയമസഭ പാസാക്കാനിരിക്കെ ബില്ലിനെതിരെ പ്രതിപക്ഷം രംഗത്ത്. ബില്‍ നിയമമാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിനു പിന്നാലെ വി.ടി. ബല്‍റാം എംഎല്‍എയും സ്പീക്കര്‍ക്കു കത്തുനല്‍കി. ബില്ലിലെ ചില വ്യവസ്ഥകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും ബില്‍ നിയമമാക്കരുതെന്നും ബല്‍റാം കത്തില്‍ പറയുന്നു. സ്പീക്കര്‍ കത്ത് റവന്യുമന്ത്രിക്കു കൈമാറി.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനായിരുന്നു സിപിഎമ്മിന്റെ ശ്രമം. എന്നാല്‍ സിപിഐ കര്‍ശന നിലപാടെടുത്തതോടെ മുഖ്യമന്ത്രിയും സിപിഎമ്മും പിന്‍വാങ്ങി. ബിൽ നിയമമാകുന്നതോടെ 2008നു മുൻപു ക്രമപ്പെടുത്തിയ ഭൂമി നികത്താൻ അവസരമുണ്ടാകും. എന്നാൽ ഭേദഗതി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാകണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചിട്ടുണ്ട്.

നിയമം അട്ടിമറിക്കാനുള്ള ശ്രമം ഇനിയുമുണ്ടാകുമെന്നു കണ്ടാണ് ഔദ്യോഗിക ഭേദഗതി കൊണ്ടുവരാനുള്ള സിപിഐ തീരുമാനം. സര്‍ക്കാര്‍ കാലാകാലങ്ങളായി നിശ്ചയിക്കുന്ന മറ്റു പദ്ധതികള്‍ക്കു വയല്‍ നികത്താന്‍ അനുമതി നല്‍കാമെന്ന വ്യവസ്ഥ‍, സര്‍ക്കാര്‍ കാലാകാലങ്ങളായി ശ്ചയിക്കുന്ന മറ്റു സര്‍ക്കാര്‍ പദ്ധതികള്‍ക്ക് എന്നാക്കി മാറ്റും. സഭയില്‍ വരുന്നതിനു മുന്‍പുതന്നെ മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തു സമവായത്തിലെത്താന്‍ മന്ത്രി ഇ. ചന്ദ്രശേഖരനെ സിപിഐ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സിപിഐയുമായി രമ്യതയിലെത്തിയാലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും സിപിഎമ്മിനു നേരിടേണ്ടി വരും. സബ്ജക്ട് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങളായ അടൂര്‍പ്രകാശ്, പി.ബി. അബ്ദുൽ റസാഖ്, എം. ഉമ്മര്‍ എന്നിവരുടെ വിയോജനക്കുറിപ്പോടെയാണു ബില്‍ നിയമസഭയില്‍ വരുന്നത്. വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു പുതിയ വിഭാഗം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കും. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഭൂമിയും വിജ്ഞാപനം ചെയ്യപ്പെടാതെ കിടക്കുന്നതിനാല്‍ ഈ പഴുത് ഉപയോഗിച്ചു നെല്‍വയലുകളും നീര്‍ത്തടങ്ങളും യഥേഷ്ടം നികത്താനാകുമെന്നാണു പ്രതിപക്ഷത്തിന്റെ ആക്ഷേപം.