സ്വിസ് ബാങ്കിലെ നിക്ഷേപ വർധന: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

ന്യൂഡൽഹി ∙ സ്വിസ് ബാങ്കുകളിലെ കള്ളപ്പണം ഇന്ത്യയിലെത്തിച്ച് ഓരോ ഇന്ത്യക്കാരന്‍റെയും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി സ്വിസ് ബാങ്കിൽ കള്ളപ്പണമില്ലെന്നാണ് ഇപ്പോൾ പറയുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം 50 ശതമാനം വർധിച്ചതായുള്ള റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സ്വിസ് ബാങ്കിലുള്ള കള്ളപ്പണമെല്ലാം ഇന്ത്യയിലെത്തിച്ച് ഓരോ ഇന്ത്യക്കാരന്‍റെയും ബാങ്ക് അക്കൗണ്ടിലും 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. നോട്ട് നിരോധനം കള്ളപ്പണമെന്ന മഹാവ്യാധിയെ ഇല്ലായ്മ ചെയ്യുമെന്നാണ് 2018 ൽ അദ്ദേഹം പറഞ്ഞത്. സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം വർധിച്ചപ്പോൾ സ്വിസ് ബാങ്കിൽ കള്ളപ്പണമില്ലെന്നാണ് അദ്ദേഹം പറയുന്നത്’ – രാഹുൽ പറഞ്ഞു.

വർധിച്ച നിക്ഷേപമെല്ലാം കള്ളപ്പണമാണെന്ന് എങ്ങനെ പറയാനാകുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. സ്വിസ് ബാങ്കിലെ നിക്ഷേപം സംബന്ധിച്ച കണക്കുകൾ അടുത്ത വർഷത്തോടെ ലഭിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.