Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിന്നത തീരുന്നില്ല; ഡൽഹിയിൽ ആം ആദ്മി സർക്കാരിന് ഉദ്യോഗസ്ഥരുടെ ‘ആപ്പ്’

Arvind Kejriwal and Manish Sisodia അരവിന്ദ് കേജ്‌രിവാൾ, മനീഷ് സിസോദിയ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് ലഫ്റ്റനന്റ് ഗവർണറെക്കാള്‍ പ്രാധാന്യമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ ‍ഡൽഹിയിൽ സർക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള പോര് വീണ്ടും കടുത്തു. സുപ്രീം കോടതി വിധിയ്ക്കു ശേഷം, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കും എന്നറിയിച്ചു കൊണ്ടുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉത്തരവു നിയമവിരുദ്ധമാണെന്നു കാണിച്ചു സേവന വകുപ്പു സെക്രട്ടറി മടക്കിയതാണു പുതിയ ഭിന്നതയ്ക്കു കാരണം.

സുപ്രീം കോടതി വിധി സേവന വകുപ്പിന് ബാധകമല്ലെന്നു കാണിച്ചാണ് ഉത്തരവ് മടക്കിയത്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം ലഫ്. ഗവർണറിനായിരിക്കുമെന്ന 2015 മേയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു കോടതി റദ്ദാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തിമ വിധി വരാതെ സർക്കാർ തോക്കിൽ കയറി വെടിവയ്ക്കരുതെന്നും അദ്ദേഹം ഉപമുഖ്യന്ത്രിക്ക് അയച്ച കുറിപ്പിൽ പറയുന്നു.

എന്നാൽ ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്നു മനീഷ് സിസോദിയ അറിയിച്ചു. കോടതി ഉത്തരവു പ്രകാരം ക്രമസമാധാന പരിപാലനം ഒഴിച്ചുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിലുള്ള പരിപൂർണ അധികാരം സർക്കാരിനാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ അന്തിമ വിധി വരാതെ ഒരു ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റരുതെന്നാണോ‌ ഈ നിലപാട് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സർക്കാരുമായി കൂടിയാലോചിക്കാതെ ചീഫ് സെക്രട്ടറി ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ നിർദേശാനുസരണം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനെ ചൊല്ലി സർക്കാരും ഉദ്യാഗസ്ഥരും തമ്മിൽ ഭിന്നത നിലനിന്നിരുന്നു.