പ്രിയങ്ക ചോപ്രയോ പ്രിയങ്ക ചതുർവേദിയോ? കോൺഗ്രസിനു സംശയം

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ടാഗ് ചെയ്തു കോൺഗ്രസ്. കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദിയെ ഉദ്ദേശിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് അബദ്ധത്തിൽ പ്രിയങ്ക ചോപ്രയെ ടാഗ് ചെയ്തത്. വ്യാഴാഴ്ചയാണ്, മണ്ണു പരിശോധനാ ലാബുകൾ സംബന്ധിച്ചു പ്രധാനമന്ത്രി കള്ളം പറഞ്ഞുവെന്ന് ആരോപിച്ചു കോൺഗ്രസിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ പ്രിയങ്ക ചതുർവേദിക്കു പകരം പ്രിയങ്ക ചോപ്രയുടെ പേര് ട്വീറ്റിനൊപ്പം ചേർക്കുകയായിരുന്നു. അബദ്ധം മനസ്സിലായതിനെ തുടർന്നു, ട്വീറ്റ് പിൻവലിച്ചു.

കർഷകർക്കു മണ്ണ് ആരോഗ്യ കാർഡ് നൽകാനുള്ള‌‌‌ പദ്ധതി പ്രകാരം 2015–ലാണ് പരിശോധനാ ലാബുകൾ രൂപീകരിച്ചത്. എന്നാൽ യുപിഎ ഭരണകാലത്തു തന്നെ 1141 ലാബുകൾ രൂപീകരിച്ചിരുന്നതായി കോണ്‍ഗ്രസ് അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച, നരേന്ദ്ര മോദിക്കെതിരെ അഞ്ചു വർഷം മുൻപത്തെ വിഡിയോ പോസ്റ്റു ചെയ്തതിനു കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചിരുന്നു.