ആനകള്‍ക്ക് ആരുമില്ലേ, കേന്ദ്രം നിസ്സഹായരോ? സുപ്രീംകോടതി

ന്യൂഡല്‍ഹി ∙ ആനത്താരകളില്‍ ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും അനുവദിക്കാനാവില്ലെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച കേസ് പരിഗണിക്കവേ, തമിഴ്‌നാട്ടിലെ ആനത്താരകളില്‍ നാനൂറോളം റിസോര്‍ട്ടുകളുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതു സംബന്ധിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നീലഗിരി കലക്ടറോടു സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത്തരം റിസോര്‍ട്ടുകള്‍ കണ്ടെത്തി അവ എപ്പോഴാണ് നിര്‍മിച്ചതെന്നും എങ്ങനെയാണ് അനുമതി കിട്ടിയതെന്നും അറിയിക്കാന്‍ ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

തമിഴ്നാട്ടില്‍ ഗൂഡല്ലൂര്‍, ഒവേലി, ബൊക്കപുരം, സിംഗാര, വാഴൈത്തോട്ടം, സിംഗൂര്‍, ആനക്കട്ടി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ 7,500 ഹെക്ടര്‍ വിസ്തൃതില്‍ ആനത്താരയുണ്ട്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലത്ത് കര്‍ണാടകയിലെ ബന്ദിപ്പുരില്‍നിന്ന് ആനകള്‍ കേരളത്തിലെ സൈലന്റ് വാലിയിലേക്കും തമിഴ്നാട്ടിലെ മുതുമലയിലേക്കും വരാറുണ്ടെന്ന് കേസില്‍ കക്ഷിചേര്‍ന്ന അഭിഭാഷകൻ ജി. രാജേന്ദ്രന്‍ പറഞ്ഞു. കൊടുംകാട്ടിലെ പരമ്പരാഗത പാതയിലൂടെയാണ് ആനകള്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ഈ മേഖലകള്‍ സ്വകാര്യ റിസോര്‍ട്ട് കമ്പനികളുടെ നിയന്ത്രണത്തിലായതോടെ ആനകള്‍ക്കു വഴി നഷ്ടപ്പെട്ടിരിക്കുകയാണെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടില്‍ 2015-16 ല്‍ 61 ആനകളും പിറ്റേവര്‍ഷം 125 ആനകളും വിവിധ അപകടങ്ങള്‍ മൂലം ചത്തു. ആനത്താരകള്‍ കയ്യേറി നിര്‍മാണം നടത്തുന്ന മേഖലകളിലെ വൈദ്യുതിവേലിയില്‍നിന്നു ഷോക്കേറ്റും കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനികള്‍ ഉള്ളിൽ ചെന്നുമാണു ഭൂരിഭാഗം കാട്ടാനകളും ചത്തതെന്ന് അദ്ദേഹം പറഞ്ഞു. ആനത്താരകളിലെ നിര്‍മാണത്തിനെതിരേ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ റിസോര്‍ട്ട് ഉടമകളും സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ ഇതില്‍ വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.

രാജ്യത്തെ ആനത്താരകള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സഹായരാണോയെന്നും കോടതി ചോദിച്ചു.  22 സംസ്ഥാനങ്ങളിലായി അതീവപ്രാധാന്യമുള്ള 27 ആനത്താരകള്‍ ഉണ്ടെന്നും ഇതില്‍ 13 സംസ്ഥാനങ്ങളും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ‘എന്താണു ചെയ്യേണ്ടത്. സംസ്ഥാനങ്ങളൊന്നും കേന്ദ്രത്തെ ചെവിക്കൊള്ളുന്നില്ല. മുമ്പും ഇതേ പ്രശ്‌നമാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും പരിഹാരം കണ്ടേ മതിയാകൂ. കേന്ദ്രം നിസ്സഹായരാണോ?’- കോടതി ചോദിച്ചു.

നാലാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കണമെന്ന സുപ്രീം കോടതിയുടെ ഏപ്രില്‍ 23 ലെ വിധി അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ തയാറായിട്ടില്ലെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എ.എന്‍.എസ് നദ്കര്‍ണി അറിയിച്ചു. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ മാത്രമാണു പ്രതികരിച്ചത്. ഉത്തരാഖണ്ഡ്, ഒഡീഷ, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. തങ്ങള്‍ക്കിഷ്ടമുളള തരത്തില്‍ കാര്യങ്ങള്‍ ചെയ്യുമെന്ന സംസ്ഥാനങ്ങളുടെ നിലപാട് വ്യവസ്ഥിതിയുടെ തകര്‍ച്ചയ്ക്കു കാരണമാകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.