തമിഴിൽ നീറ്റെഴുതിയവർക്ക് അധിക മാർക്ക് നൽകേണ്ടതില്ല: സുപ്രീംകോടതി

ന്യൂഡൽഹി∙ തമിഴിൽ നീറ്റ് പരീക്ഷ എഴുതിയവർക്കെല്ലാം 196 മാർക്ക് ഗ്രേസ് മാർക്കായി നൽകണമെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. മെഡിക്കൽ പ്രവേശനത്തിനു രണ്ടാംഘട്ട കൗൺസലിങ് ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയത്തോട് സുപ്രീംകോടതി നിർദേശിച്ചു. ഇത്തരം പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ പരിഹാരമാർഗം കണ്ടെത്തി അറിയിക്കാനും കോടതി നിർദേശിച്ചു. ജസ്റ്റിസ് എസ്.എ.ബോബ്ഡേ, ജസ്റ്റിസ് എൽ.നാഗേശ്വരറാവു എന്നിവരുടേതാണ് ഉത്തരവ്. രണ്ട് ആഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

പരിഭാഷയില്‍ പിഴവ് സംഭവിച്ചതിനെതുടര്‍ന്നാണു തമിഴില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് 196 മാര്‍ക്ക് അധികമായി നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടത്. വിധിയെ ചോദ്യം ചെയ്ത് സിബിഎസ്ഇയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അധിക മാര്‍ക്ക് നല്‍കേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വിധിയെതുടര്‍ന്ന് രണ്ടാംഘട്ട അലോട്ട്മെന്‍റ് നിര്‍ത്തിവയ്ക്കേണ്ട അസാധാരണ സാഹചര്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.