ഡൽഹി∙ നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഡേറ്റ ചോർന്നെന്ന ആരോപണം അന്വേഷിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നീറ്റ് ചെയർപേഴ്സൻ അനിത കർവാലിനെഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടു ലക്ഷത്തിലേറെ വിദ്യാർഥികളുടെ വിവരങ്ങൾ ചോർന്നെന്ന മാധ്യമവാർത്തകൾ ഞെട്ടിച്ചെന്നു രാഹുൽ കത്തിൽ വ്യക്തമാക്കി. വിവരങ്ങൾ ചോരുന്നതു തടയുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് തെളിയുന്നത്. പരീക്ഷാ പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിൽ സിബിഎസ്ഇയുടെ മികവാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
സംഭവത്തെകുറിച്ച് അന്വേഷിച്ചു കുറ്റക്കാരായ ഉദ്യേഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ഭാവിയിൽ സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഫോൺ നമ്പർ, ഇമെയിൽ ഐഡി, വിലാസം തുടങ്ങിയ വിവരങ്ങൾ വിലയിട്ട് ഏതാനും വെബ്സൈറ്റുകളിൽ ലഭ്യമാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.