ആലപ്പുഴ ∙ തുറവൂർ മുതൽ കഴക്കൂട്ടം വരെ ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോഡിന്റെ അതിർത്തി കല്ലിടൽ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ആലപ്പുഴ ജില്ലയിലെ ദേശീയപാതയുടെ ഭാഗമാണ് അതിർത്തി തിരിക്കുന്നത്.
ഇതുസംബന്ധിച്ച് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ ആലപ്പുഴയിൽ ചേർന്ന യോഗത്തിലാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പ്രോജക്ട് ഡയറക്ടർ വെങ്കിടകൃഷ്ണൻ ഉറപ്പു നൽകിയത്. ദേശീയ പാതയുടെ മധ്യരേഖ അടയാളപ്പെടുത്തൽ ഈ മാസം 30 ന് ആരംഭിക്കും. നിലവിൽ മൂന്ന് എ നോട്ടിഫിക്കേഷൻ വരെയാണ് നടന്നിട്ടുള്ളത്.
ജില്ലയിൽ 83 കിലോമീറ്ററാണ് വികസന പദ്ധതിയിലുള്ളത്. കല്ല് ലഭിക്കാനുള്ള കാലതാമസമാണ് ജില്ലയിൽ പാതയുടെ അതിർത്തി നിർണയിച്ച് കല്ലിടൽ വൈകാൻ കാരണമെന്ന് ദേശീയപാത അധികൃതർ മന്ത്രിയെ ധരിപ്പിച്ചു.