മോദി–ഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദോക്‌ലായിൽ ‘പാലം വലിച്ച്’ ചൈന

അരുണാചൽ പ്രദേശിലെ ഇന്ത്യ–ചൈന അതിർത്തി.

ന്യൂഡൽഹി ∙ അതിർത്തിയിൽ സമാധാനം സംരക്ഷിക്കാനുള്ള നീക്കങ്ങളിൽ ഒരുമിച്ചു മുന്നേറുന്ന കാര്യം ചർച്ചയിലൂടെ ഇന്ത്യ– ചൈന പ്രധാനമന്ത്രിമാർ ഉറപ്പിച്ചതിനു പിന്നാലെ ദോക്‌ലായിൽനിന്നു പുതിയ റിപ്പോർട്ട്. ഇടക്കാലത്തു നിർത്തിവച്ചുവെന്നു ചൈന അവകാശപ്പെട്ട ദോക്‌ലാ അതിർത്തിയോടു ചേർന്നുള്ള റോഡ് നിർമാണം പുനഃരാരംഭിക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം യുഎസിൽ നിന്ന് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പൂർവാധികം ശക്തിയോടെ റോഡുനിർമാണം ആരംഭിച്ചതായുള്ള വിവരം പുറത്തുവന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ദോ‌ക്‌ലായിൽ ചൈനയുടെ റോഡ് നിർമാണത്തെത്തുടർന്ന് ഇന്ത്യ– ചൈന സൈനികർ മുഖാമുഖമെത്തിയിരുന്നു. യുദ്ധസമാനമായിരുന്ന ഈ സാഹചര്യം പിന്നീടു ചർച്ചയിലൂടെയാണു പരിഹരിക്കപ്പെട്ടത്. ഓഗസ്റ്റ് 28ന് ഇരുവിഭാഗം സൈനികരും നിർമാണ പ്രവൃത്തികളെല്ലാം നിർത്തി പിൻമാറ്റം പ്രഖ്യാപിച്ചു. തൽസ്ഥിതി ഇപ്പോഴും തുടരുകയാണെന്നാണു കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയത്. എന്നാൽ ഇക്കഴിഞ്ഞ മാർച്ച് 23 മുതൽ ദോക്‌ലായിൽ ‘നിർണായക’ നിർമാണ പ്രവൃത്തികൾ നടക്കുകയാണെന്നാണു റിപ്പോർട്ട്.

ദോക്‌ലാ അതിർത്തിയിൽ ഇരുവിഭാഗം സൈനികരും സമാധാനം പുലർത്തണമെന്ന തീരുമാനം നരേന്ദ്രമോദി– ഷി ചിൻപിങ് കൂടിക്കാഴ്ചയിൽ ഉറപ്പിച്ചതിനു പിന്നാലെയാണു വാർത്തയെത്തുന്നത്. ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരു രാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തിയത്. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ് മോദി–ചിൻപിങ് കൂടിക്കാഴ്ച.

നേരത്തേ, വുഹാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് അതിർത്തിയിലെ സൈനികർ തമ്മിൽ പരസ്പര ആശയവിനിമയം ശക്തമാക്കാൻ ഇന്ത്യയും ചൈനയും ധാരണയിലെത്തിയത്. ദോക്‌ലാ സംഘർഷം പോലുള്ളവ ഭാവിയിൽ ഒഴിവാക്കാൻ വേണ്ടിയായിരുന്നു നയതന്ത്ര തലത്തില്‍ സൈന്യത്തിന് അത്തരമൊരു നിര്‍ദേശം നൽകിയതും. എന്നാൽ യാട്ടുങ്ങിലെ ചൈനയുടെ മിലിട്ടറി ബേസിലേക്കു ദോക്‌ലായിൽ നിന്ന് 12 കിലോമീറ്റർ നീളമുള്ള റോഡ് നിർമിക്കുകയാണെന്നാണു പുതിയ റിപ്പോർട്ട്. മെറുഗ് ല എന്നറിയപ്പെടുന്ന സ്ഥലത്താണു നിർമാണം.

നിർമാണാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 8- 10 വാഹനങ്ങൾ മേഖലയിലുണ്ട്. നിർമാണ പ്രവൃത്തികളിൽനിന്ന് ഇന്ത്യൻ സാറ്റലൈറ്റുകളുടെ ‘കണ്ണുകെട്ടുകയെന്ന’ ലക്ഷ്യത്തോടെ അഞ്ച് താൽക്കാലിക ഷെഡുകളും നിർമിച്ചിട്ടുണ്ട്. ചൈനീസ് സൈനികർക്കും മറ്റു ജോലിക്കാർക്കുമായി 90 ടെന്റുകളും നിർമിച്ചിരിക്കുന്നു. വമ്പൻ വാഹനങ്ങൾ 30 എണ്ണം മേഖലയിൽ കണ്ടതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ചൈനീസ് ഹൈവേകളുടെ ശൃംഖലയിലേക്കു ദോക് ‌ലായെയും കൂട്ടിച്ചേർക്കുകയെന്ന ലക്ഷ്യത്തോടെയാണു റോഡ് നിർമാണം. ഹൈവേകളിലൊന്നായ എസ്–204 യാട്ടുങ് മിലിട്ടറി ബേസിലാണ് അവസാനിക്കുന്നത്. നാഥു ലാ പാസ്സിന് വടക്കുകിഴക്കായാണ് ഈ മേഖല.

എന്നാൽ, ചൈനീസ് നിർമാണ പ്രവർത്തനങ്ങളെ വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പൂർണമായും തള്ളിക്കളഞ്ഞു. ദോക് ലായിൽ ചൈന നിർമാണ പ്രവർത്തനം പുനഃരാരംഭിച്ചെന്ന യുഎസ് സെനറ്റംഗം ആൻ വാഗ്നറുടെ പ്രസ്താവനയും വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളി. എന്നാൽ റോഡുകൾ മാത്രമല്ല വൻ മിലിട്ടറി കോംപ്ലക്സ് ഉൾപ്പെടെ ചൈന ദോക് ലായ്ക്കു സമീപം നിർമിക്കുന്നതായാണു വിവരം. ഇതു സംബന്ധിച്ച റിപ്പോർട്ട് ജനുവരിയിൽ പുറത്തുവന്നിരുന്നു. ദോക് ലാമിലെ നിർമാണം തുടരുമെന്നും തങ്ങളുടെ അധീനതയിലുള്ള പ്രദേശത്തെ പ്രവർത്തനം സംബന്ധിച്ച് ഇന്ത്യ യാതൊന്നും പറയേണ്ടതില്ലെന്നുമായിരുന്നു അന്നു ചൈന പ്രതികരിച്ചത്.